ചാലക്കുടി: പോട്ട ആശ്രമം ജംഗ്്ഷനിൽനിന്നും ആരംഭിക്കുന്ന പഴയ ദേശീയപാത തകർന്ന ഭാഗം ചെളി കോരിയിട്ട് നികത്താൻ ശ്രമിച്ചതിനെ നാട്ടുകാരും പൊതുപ്രവർത്തകരും തടഞ്ഞു.പഴയ ദേശീയപാതയിൽ 100 മീറ്റർ ദൂരം റോഡ് കുഴിയായി മാറിയത് അറ്റകുറ്റപ്പണി നടത്തി ടൈൽ വിരിക്കുവാനാണ് ഉദ്ദേശിച്ചിരുന്നത്.
ആദ്യപടിയായി മെറ്റൽ നിരത്തി. ഉയർത്തിയതിനു മുകളിൽ കരിങ്കൽ ക്വാറിയിലെ ചെളി നിരത്തുകയാണ് ചെയ്തത്. ചെളി നിറഞ്ഞ റോഡിലൂടെ ഗതാഗതം ദുഷ്കരമായി. റോഡിൽ ഇരുചക്ര വാഹനങ്ങൾ തെന്നിമറിഞ്ഞു വീണു അപകടത്തിൽപ്പെട്ടു. കരിങ്കല്ലും പാറപൊടിയും കൂടിയുള്ള മെറ്റിരിയൽ ആണ് ഇവിടെ ഉപയോഗിക്കേണ്ടത്. ഇതിനു പകരമാണ് ചെളി നിരത്തിയത്.
നഗരസഭ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പൻ, കൗണ്‍സിലർമാരായ കെ.വി. പോൾ, ബിജു ചിറയത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ നിർമാണം തടഞ്ഞു. ഇതിനെ തുടർന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചെളി നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചു.