ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിനു മുന്നിലെ വഴിയുടെ കാര്യം പരമ ദയനീയം തന്നെ. ചെളി നിറഞ്ഞ റോഡിലൂടെ രോഗിയുമായി വരുന്ന വീൽ ചെയർ താഴുന്നു. വാഹനങ്ങൾ പോകുന്പോൾ ചെളി തെറിച്ച് രോഗികളുടെ കൂട്ടിരിപ്പുകാരുടെ ദേഹത്ത് വീഴുന്നു. ചെളിയിൽ ചവിട്ടിയെത്തുന്നവരുടെ കാലിൽ നിന്ന് ആശുപത്രി വരാന്തയും ചെളി നിറയുന്നു. ഇതൊക്കെ തുടങ്ങിയിട്ട് എത്ര നാളായി. ഒരു നടപടിയും ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല.
മറ്റ് വാർഡുകളിൽ കഴിയുന്ന രോഗികളെ പരിശോധനക്കായി ഹൃദ്രോഗവിഭാഗത്തിൽ എത്തിക്കുന്ന ഏക വഴി കാർഡിയോളജി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുൻവശമുള്ള റോഡാണ്. എന്നാൽ ഈ റോഡ് പൂർണമായും തകർന്നു കിടക്കുകയാണ്. രോഗിയെ കൊണ്ടുവരുന്ന വാഹനം ചെളിയിൽ താഴ്ന്നു പോകുന്പോൾ ആശുപത്രി പരിസരത്ത് നിൽക്കുന്ന മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാരോ ബന്ധുക്കളെ ഓടിയെത്തി കുഴിയിൽ വീണ വീൽചെയർ പൊക്കിയെടുക്കുവാൻ സഹായിക്കുന്നതാണ് ഇപ്പോഴത്തെ രീതി.
കഴിഞ്ഞ ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ ഉണ്ടായ മഴ മൂലം റോഡിൽ ഏതു സമയവും വെള്ളം കെട്ടിക്കിടക്കുകയാണ്. അതിനാൽ കാൽനട യാത്രക്കാർക്ക് മാത്രമല്ല രോഗികളുടെ കുട്ടിരിപ്പുകാരുടെ വസ്ത്രങ്ങളിലേക്കും വാഹനങ്ങൾ പോകുന്പോൾ ചെളിവെള്ളം തെറിച്ചു വീഴുകയാണ്. ആശുപത്രിയിലേക്ക് എത്തുന്ന മുഴുവൻ വാഹനങ്ങളും പാർക്കിംഗിനായി പോകുന്നത് ഈ വഴിയാണ്. എന്നാൽ ഈ റോഡ് തകർന്ന് കിടന്നിട്ട് മാസങ്ങൾ പിന്നിട്ടു.
മൂന്നു മാസം മുൻപ് ഈ റോഡ് പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ചു. പൈപ്പ് സ്ഥാപിച്ച് കുഴി മൂടിയെങ്കിലും ശേഷിച്ച ചെളി കടുത്ത വേനൽ വന്നതോടെ പൊടി പടലമായി മാറി. പാർക്കിംഗിന് പോകുന്ന വാഹനങ്ങൾ കാർഡിയോളജി കെട്ടിടത്തിന് മുൻവശത്തുകൂടിയായതിനാൽ പൊടിപടലം ശ്വസിച്ച് നിരവധി പേർക്ക് ശ്വാസതടസമുണ്ടായി.
ഈ വിവരം രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആശുപത്രി അധികൃതർ രാവിലേയും ഉച്ചയ്ക്കും റോഡ് നനയ്ക്കാൻ ജീവനക്കാരെ ഏർപ്പാടു ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴ മൂലം റോഡിൽ നിന്നും നീക്കം ചെയ്യാതിരുന്ന മണ്ണ് ചെളിയായി വീണ്ടും മാറി. ചെളിയിൽ ചവിടി എത്തുന്നത് രോഗികളും കൂട്ടിരിപ്പുകാരും മാത്രമല്ല ഡോക്ടർമാരും മറ്റു ജീവനക്കാരുമെല്ലാം ചെളിയിൽ ചവുട്ടി വേണം ഹൃദ്രോഗ വിഭാഗത്തിൽ എത്താൻ.
വാഹനം പാർക്ക് ചെയ്ത ശേഷം ചെളിയിൽ ചവിട്ടി എത്തേണ്ട ഗതികേടിലാണ് ഡോക്ടർമാർ വരെ. ഇതോടെ ഹൃദ്രോഗ വിഭാഗത്തിന്റെ വരാന്തയും ഇപ്പോൾ ചെളി നിറഞ്ഞു. പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ അനാസ്ഥയാണ് മെഡിക്കൽ കോളജ് ആശുപത്രിയുടെ റോഡ് പുനർനിർമ്മിക്കാത്തതെന്ന് ആശുപത്രി അധികൃതർ ആരോപിക്കുന്നു.
അതേ സമയം മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ആശുപത്രി റോഡ്, കെട്ടിടങ്ങൾ എന്നിവയുടെ പഴയതും പുതിയതുമായ നിർമ്മാണ പ്രവർത്തനം, അർധ സർക്കാർ സ്ഥാപനങ്ങൾക്ക് കരാർ നൽകിയതിനാൽ മറ്റുള്ളവർ ചെയ്തതിന്റെ ബാക്കി ജോലികൾ പൂർത്തീകരിക്കുവാൻ തങ്ങൾക്ക് അധികാരമില്ലെന്ന് പൊതുമരാമത്ത് അധികൃതർ വ്യക്തമാക്കി. തർക്കം നീളുന്പോൾ ദുരിതം പേറുന്നത് രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ജീവനക്കാരുമാണ്.