കൊച്ചി: പ്രഭാതസവാരിക്കായി റോഡ് അടച്ചിട്ട എറണാകുളം ട്രാഫിക് വെസ്റ്റ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ വിനോദ് പിള്ളയോട് സിറ്റി പോലീസ് കമ്മീഷണർ വിശദീകരണം തേടി.
ഹൈക്കോടതി ജിഡ റോഡാണ് പ്രഭാതസവാരിക്കായി അസിസ്റ്റന്റ് കമ്മീഷണർ അടച്ചത്. റോഡ് അടച്ചിട്ടതിനാൽ സ്കൂൾ കുട്ടികൾക്കടക്കം ബുദ്ധിമുട്ടുണ്ടായത് സാമൂഹികമാധ്യമങ്ങളിൽ വാർത്തയായിരുന്നു.
അടച്ചിട്ട റോഡിലൂടെ അസിസ്റ്റന്റ് കമ്മീഷണർ സുഹൃത്തിനൊപ്പം നടക്കുന്ന ചിത്രവും പുറത്ത് വന്നിരുന്നു.ഞായറാഴ്ചകളിൽ രാവിലെ ആറു മുതൽ ഏഴു വരെ പ്രഭാതസവാരിക്കായി റോഡ് അടച്ചിടാൻ നേരത്തെ തീരുമാനമെടുത്തിരുന്നു.
എന്നാൽ ഉദ്യോഗസ്ഥൻ മറ്റു ദിവസങ്ങളിലും റോഡ് അടച്ചിടുകയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണർ ചെയ്തത് തെറ്റായ നടപടിയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.