മുക്കം: മുക്കം നഗരസഭ സ്ഥാപിച്ച ബാരിക്കേഡ് കാരശേരി ഗ്രാമപഞ്ചായത്ത് അധികൃതർ പൊളിച്ചുമാറ്റി. മുക്കം ടൗൺ ഉൾപ്പെടെയുള്ള പതിനാലാം വാർഡ് കണ്ടെയിൻമെന്റ് സോണും മുക്കം നഗരസഭ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണും
ആയതിനാൽ ഇന്നലെ രാവിലെ നഗരസഭാ അധികൃതർ മുക്കം കടവ് പാലത്തിൽ സ്ഥാപിച്ച ബാരിക്കേഡാണ് കാരശേരി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വാർഡ് മെംബർമാർ ഉൾപ്പെടെ എത്തി പൊളിച്ചു മാറ്റിയത്.
കാരശേരി ഗ്രാമപഞ്ചായത്തിൽ നിന്നും കോവിഡ് രോഗികളെ ഉൾപ്പെടെ അത്യാവശ്യഘട്ടത്തിൽ ആശുപത്രിയിൽ എത്തിക്കുന്ന വഴി യാതൊരു മുന്നറിയിപ്പും കൂടാതെ കെട്ടിയടച്ചതിൽ പ്രതിഷേധിച്ചാണ് ബാരിക്കേഡുകൾ പൊളിച്ചു മാറ്റിയതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
കാരശേരി ഗ്രാമപഞ്ചായത്തിൽ നിന്നും അത്യാവശ്യഘട്ടങ്ങളിൽ രോഗികളെ മുക്കം കെഎംസിടി മെഡിക്കൽ കോളജിലേക്കോ കോഴിക്കോട് മെഡിക്കൽ കോളജിലേക്കോ മറ്റ് സ്വകാര്യ ആശുപത്രികളിലേക്കോ എളുപ്പത്തിൽ എത്തിക്കാനുള്ള വഴിയാണ് മുക്കം നഗരസഭ അടച്ചുപൂട്ടിയത്.
ഇതൊരു പ്രാകൃതമായ നിലപാടാണെന്നും അടച്ചുപൂട്ടുന്ന സമയത്ത് കാരശേരി പഞ്ചായത്ത് അധികൃതരുമായി യാതൊരു കൂടിയാലോചനയോ മുന്നറിയിപ്പോ ഇല്ലാതെയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും കാരശേരി പഞ്ചായത്ത് അധികൃതർ പറഞ്ഞു.