അഗളി: കേരള തമിഴ്നാട് അതിർത്തി പ്രദേശത്തെ കൊടുങ്കരപ്പള്ളം മുറിച്ചുകടക്കുന്ന അനധികൃത റോഡുകളും ഉൗടുവഴികളും കേരള പോലീസ് ഇടപെട്ട് അടച്ചു.
അതിർത്തിയിലൂടെയുള്ള റോഡ് മാർഗം കള്ളക്കടത്തും മദ്യ മയക്കുമരുന്നു വ്യാപാരവും വർധിച്ചു വരുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പോലീസ് നടപടി. ജെ സി ബി ഉപയോഗിച്ച റോഡിൽ കിടങ്ങ് നിർമ്മിച്ചാണ് ഗതാഗത തടസം തീർത്തത്.
തൂവ ഭാഗത്തും വട്ടലക്കി ഭാഗത്തുമായി സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന നാലു റോഡുകളിലാണ് കിടങ്ങുകൾ തീർത്തു ഗതാഗത തടസം സൃഷ്ടിച്ചത്.
ചന്ദന മരങ്ങളടക്കമുള്ള വനവിഭവങ്ങൾ കൊള്ളയടിക്കാനും മദ്യ മയക്കുമരുന്ന് കള്ളക്കടത്തിനും റോഡുകൾ മാഫിയകൾ ഉപയോഗപ്പെടുത്തിയിരുന്നെന്നും പോലീസ് നടപടി സംസ്ഥാനത്തിന് തന്നെ ഗുണകരമാകുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
അഗളി ഡി വൈ എസ് പി ദേവസ്യയുടെ നിർദേശപ്രകാരം എസ് ഐ മാരായ ഹരികൃഷ്ണൻ,എസ് രാജേഷ്, സിപിഒ മാരായ അനിൽ, മണിയൻ, ദിവ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി.