ആലുവ: മൊബൈൽ ഫോണിൽ സംസാരിച്ചു റോഡ് കുറുകെ കടക്കുന്നവർക്കെതിരേ പെറ്റിക്കേസ് ചാർജ് ചെയ്യാൻ റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടന്ന ജില്ലാതല റോഡ് സേഫ്റ്റി ആക്സിഡന്റ് റിവ്യൂ കമ്മിറ്റി യോഗത്തിൽ തീരുമാനം. വർധിച്ചുവരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി.
വാഹന പരിശോധന കർശനമാക്കാനും ദേശീയപാതയുടെ ഓരങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. എല്ലാ മാസവും ആക്സിഡന്റ് റിവ്യൂ കമ്മിറ്റി ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തും. യോഗത്തിൽ റൂറൽ നർക്കോട്ടിക് സെൽ എഎസ്പി സുജിത്ദാസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പോലീസ് മേധാവി എ.വി. ജോർജ്, മൂവാറ്റുപുഴ ആർടിഒ എ.കെ. ശശികുമാർ, ഇടപ്പള്ളി എൻഎച്ച് റോഡ് ഡിവിഷൻ അസി. എക്സി. എൻജിനിയർ കെ.പി. സന്തോഷ്കുമാർ, കല്ലൂർക്കാട് അസി. എക്സി. എൻജിനിയർ സജിത് കുമാർ, റൂറൽ ജില്ലയിലെ ഇൻസ്പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.