പയ്യന്നൂർ: റോഡ് വികസനവുമായി ബന്ധപ്പെട്ട് പയ്യന്നൂരിൽ ഹൈക്കോടതി അഭിഭാഷകന്റെ കാറും സ്കൂട്ടറും തകർത്തു. ഇന്ന് പുലർച്ചെ 1.30 തോടെയാണ് അഭിഭാഷകനായ കോറോം മുതിയലത്തെ പള്ളത്തിൽ മുരളിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങളാണ് ഒരു സംഘം തകർത്തത്.
സംഭവസമയം അഭിഭാഷകൻ വീട്ടിലില്ലായിരുന്നു. മുരളിയുടെ പരാതിയിൽ ആറുപേർക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തു.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഇന്നലെ പെരുമ്പ- മണിയറ-മാതമംഗലം റോഡില്‍ മുതിയലത്ത് ജെസിബി ഉപയോഗിച്ച് ഒരു സംഘം കേണൽ പദ്മനാഭന്റെ മതിൽ പൊളിച്ചിരുന്നു.
ഇതേ തുടർന്ന് പ്രദേശത്ത് വാക്കേറ്റവും സംഘർഷാവസ്ഥയും ഉടലെടുത്തിരുന്നു. പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷാവസ്ഥ പരിഹരിച്ചത്.
കഴിഞ്ഞദിവസവും പ്രദേശത്ത് സ്ഥല ഉടമകളുടെ അനുമതി ഇല്ലാതെ സ്ഥലം ഏറ്റെടുക്കലിന്റെ ഭാഗമായി ചിലരുടെ മതിലുകൾ പൊളിച്ചിരുന്നു.
കോടതി ഉത്തരവ് മറികടന്ന് പോലീസിന്റെ സാന്നിധ്യത്തിലാണ് മതിലുകൾ പൊളിച്ചതെന്ന് സ്ഥലമുടമകൾ ആരോപിക്കുന്നുണ്ട്. സംഘർഘം നിലനിൽക്കുന്നതിനിടെയാണ് അഭിഭാഷകന്റെ വാഹനങ്ങൾ തകർത്തത്.