ആലപ്പുഴ: കേന്ദ്രസർക്കാർ പദ്ധതി പ്രകാരം ആലപ്പുഴ നഗരത്തിൽ പുനർനിർമിച്ച റോഡും പാതയോരവും തമ്മിലുള്ള ഉയരവ്യതിയാനം യാത്രികർക്ക് അപകടക്കെണിയാകുന്നു. കേന്ദ്ര റോഡ് ഫണ്ട് പദ്ധതി പ്രകാരം നിർമിച്ച കൊമ്മാടി-കൈതവന റോഡിലാണ് പാതയോരവുമായുള്ള വ്യത്യാസം യാത്രക്കാർക്ക് ഭീഷണിയായിട്ടുള്ളത്.
ബിഎംബിസി പ്രകാരം കഴിഞ്ഞ ദിവസമാണ് റോഡിന്റെ ടാറിംഗ് നടപടികൾ പൂർത്തീകരിച്ചത്. ആദ്യഘട്ട ടാറിംഗ് പൂർത്തിയായപ്പോൾ റോഡും പാതയോരവും തമ്മിലുള്ള ഉയര വ്യത്യാസം നേരത്തെയുള്ളതിൽ നിന്നു വർധിച്ചിരുന്നു. കല്ലുപാലം മുതൽ കൈതവന വരെയുള്ള ഭാഗത്ത് ഉയരവ്യത്യാസം നിരവധി അപകടങ്ങൾക്കും ഇടയാക്കി.
ടാറിംഗ് പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധിപേർക്ക് അപകടങ്ങളിൽ പരിക്കേൽക്കുക കൂടി ചെയ്തതോടെ പരാതികൾ വ്യാപകമാകുകയും പ്രശ്ന പരിഹാരത്തിനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കുകയും ചെയ്തു. ഇതിനിടയിൽ കാലവർഷം ശക്തമായതോട നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുകയായിരുന്നു. രണ്ടാഴ്ച മുന്പാണ് നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.
രണ്ടുഘട്ടമായി നടത്തിയ ടാറിംഗിന്റെ അവസാനഘട്ട ജോലികൾ പകൽ ഗതാഗതത്തിനു തടസമുണ്ടാകാത്ത തരത്തിൽ കഴിഞ്ഞദിവസങ്ങളിൽ രാത്രിയിലാണ് പൂർത്തിയാക്കിയത്. രണ്ടാംഘട്ട ടാറിംഗ് കൂടി പൂർത്തിയായതോടെ റോഡിലെ പല പ്രദേശങ്ങളും പാതയോരവുമായി ഒരടിയിലേറെ ഉയർന്നു നിൽക്കുകയാണ്.
കൈചൂണ്ടി ജംഗ്ഷൻ മുതൽ ജില്ലാ കോടതി വരെയുള്ള ഭാഗത്താണ് ഉയര വ്യത്യാസത്തിലേറെയും. ഇന്ദിരാ ജംഗ്ഷന്റെ തെക്കുഭാഗത്ത് റോഡിന്റെ ഇരുവശങ്ങളും പാതയോരവുമായി ഒരടിയിലേറെ വ്യത്യാസമുണ്ട്. റോഡിലേക്ക് ഇരുചക്രവാഹനങ്ങളടക്കമുള്ളവ കയറ്റുന്നതിനും ഇറക്കുന്നതിനും ബുദ്ധിമുട്ടും നേരിടുന്നുണ്ട്.
മറ്റുവാഹനങ്ങൾ കടന്നുപോകുന്നതിനായി പാതയോരത്തേക്ക് വാഹനങ്ങൾ ഇറക്കുന്നവരുടെ ശ്രദ്ധയൊന്നുമാറിയാൽ ഇവിടെ അപകടം ഉറപ്പെന്നതാണ് അവസ്ഥ. അടിയന്തരമായി പാതയോരവും റോഡും തമ്മിലുള്ള ഉയരവ്യത്യാസം ക്രമപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.