ഫത്തേപുർ(യുപി): റീൽസ് ഷൂട്ടിനായി ദേശീയപാതയിൽ തീയിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഫത്തേപുരിലാണു സംഭവം നടന്നത്. ഷേക്ക് ബിലാൽ എന്ന യുവാവാണ് ദേശീയപാത-രണ്ടിൽ ഫ്ലൈ ഓവറിന് മുകളിൽ ‘2024’ എന്ന് പൊട്രോള്‍ കൊണ്ട് എഴുതിയശേഷം തീയിട്ടത്.
വീഡിയോ ശ്രദ്ധിക്കപ്പെടാൻ ചെയ്ത പണിയാണ്. സമൂഹ മാധ്യമങ്ങളില്‍ ഇത് പങ്കുവച്ചതോടെ സംഭവം വൈറലാകുകയും ചെയ്തു. തൊട്ടുപിന്നാലെ മറ്റൊന്നു കൂടി സംഭവിച്ചു. യുവാവിനെ പോലീസ് കൈയോടെ പൊക്കി. ഇയാൾക്കെതിരേ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവെന്നു ഫത്തേപുര്‍ പോലീസ് അറിയിച്ചു.
ഉത്തർപ്രദേശിലെ മീററ്റിൽ ഇന്തസാർ അലി എന്നയാൾ തന്റെ ഥാർ വാഹനത്തിനു മുകളില്‍ പൊടിമണ്ണ് വാരിയിട്ട് വേഗത്തില്‍ ഓടിച്ചുപോകുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ചിരുന്നു. വണ്ടിയുടെ വേഗം കൂടുന്നതിനനുസരിച്ച് പൊടിമണ്ണ് പറന്ന് പാതയിലാകെ നിറഞ്ഞു. ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.