മലപ്പുറം: രാഹുല്‍ ഗാന്ധി എംപി ഉദ്ഘാടനം നിര്‍വഹിക്കാനിരുന്ന റോഡുകളുടെ പ്രവൃത്തി മണിക്കൂറുകള്‍ക്കുമുമ്പ് പി.വി. അന്‍വര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ ലംഘിച്ച് റോഡ് ഉദ്ഘാടനം നിര്‍വഹിച്ച അന്‍വറിന്റെ നടപടി വിവാദത്തിലായി.
നിലമ്പൂര്‍ മണ്ഡലത്തിലെ എട്ട് റോഡുകളുടെ നിര്‍മാണ ഉദ്ഘാടനമാണ് അന്‍വര്‍ ഇന്നലെ വൈകിട്ട് നിര്‍വഹിച്ചത്. ഇന്ന് വൈകിട്ട് മൂന്നിന് രാഹുല്‍ ഗാന്ധി ഉദ്ഘാടനം നിര്‍വഹിക്കാന്‍ ഇരുന്നതാണിവ.
ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. 4.37 കോടി ചെലവില്‍ നിര്‍മിക്കുന്ന മുട്ടിക്കടവ്-പള്ളിക്കുത്ത്-വടക്കേകൈ റോഡിന്റെ നിര്‍മാണ േജാലി ഉദ്ഘാടനവും അന്‍വര്‍ നിര്‍വഹിച്ചതില്‍ ഉള്‍പ്പെടും.
അന്‍വറിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പിഎംജിഎസ് വൈ റോഡുകള്‍ ഉദ്ഘാടനം ചെയ്യേണ്ടത് എംപിമാരാണെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍.
മൂന്നു ദിവസം നാലു ജില്ലകളിലായി നടക്കുന്ന പരിപാടികളില്‍ സംബന്ധിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ കോഴിേക്കാട്ടെ് എത്തി. രാവിലെ കടവ് റിസോര്‍ട്ടില്‍ മുന്‍ എംഎല്‍എ സീതിഹാജിെയക്കുറിച്ചുള്ള പുസ്തകം അദ്ദേഹം പ്രകാശനം ചെയ്തു.
സീതിഹാജിയുടെ നിയമസഭാ പ്രസംഗങ്ങളാണ് ഇതിലെ ഉള്ളടക്കം. അതിനുശേഷം മലപ്പുറം ജില്ലയിലാണ് പരിപാടികള്‍ നിശ്ചയിച്ചിട്ടുള്ളത്. പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിലും രാഹുൽ പങ്കെടുക്കും.
വണ്ടൂരിലും ചുങ്കത്തറയിലും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. വൈകിട്ട് നാലു മണിക്ക് വഴിക്കടവ് മുണ്ടയില്‍ നടക്കുന്ന ചടങ്ങില്‍ എംഓഎല്‍പി സ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിക്കും.
തുടര്‍ന്ന് വയനാട്ടിലേക്ക് തിരിക്കും. ഡിസംബര്‍ ഒന്നിന് രാവിലെ ഒമ്പതിന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ കെപിസിസിയുടെ പ്രഥമ പ്രിയദര്‍ശിനി സാഹിത്യപുരസ്കാരം ടി. പദ്മനാഭന് സമ്മാനിക്കും.
11.25ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കണ്വന്ഷന് ഉദ്ഘാടനം ചെയ്യും.2.15 എറണാകുളം ടൗണ്‍ഹാളില്‍ സുപ്രഭാതം പത്രത്തിന്റെ വാര്‍ഷികാഘോഷത്തിലും അദ്ദേഹം സംബന്ധിക്കുന്നുണ്ട്.