മട്ടന്നൂർ: റോഡ് നിർമാണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ മട്ടന്നൂർ – മണ്ണൂർ റോഡ് ഉപരോധിച്ചു. പൊടിശല്യം രൂക്ഷമായതോടെയാണ് ഇന്നു രാവിലെ ഒന്പത് മുതൽ ഉപരോധം നടത്തിയത്. കോടികൾ ചെലവിട്ട് മട്ടന്നൂർ -മരുതായി-മണ്ണൂർ റോഡ് നവീകരണം ഒരു വർഷം മുമ്പ് ആരംഭിച്ചിരുന്നുവെങ്കിലും പ്രവൃത്തി പാതിവഴിയിൽ കിടക്കുകയാണ്.
റോഡ് മിക്കയിടങ്ങളിലും മെക്കാഡം ടാറിംഗ് ചെയ്യാൻ പൊളിച്ചിട്ടതിനാൽ പൊടിശല്യവും കരിങ്കൽ ചീളുകൾ തെറിക്കുന്നതും പതിവാണ്. മണ്ണൂർ വായനശാല മുതൽ നായിക്കാലി പാലം വരെ പൊടിശല്യം രൂ ക്ഷമായതിനാൽ സമീപത്തെ വീട്ടുക്കാർക്ക് താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്. പൊടിശല്യം കാരണം കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ആരോഗ്യ പ്രശ്നങ്ങളുമുണ്ട്.
റോഡ് നിർമാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് നിവേദനം നൽകിയിട്ടും നടപടിയില്ലാതെ വന്നതോടെയാണ് നാട്ടുകാർ പ്രത്യക്ഷ സമരത്തിലേക്ക് തിരിഞ്ഞത്. അധികൃതരുടെ അനാസ്ഥയാണ് റോഡ് നിർമാണം പൂർത്തിയാക്കാൻ വൈകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് കോൺഗ്രസിന്റെ നേതൃത്വത്തിലും റോഡ് ഉപരോധം നടന്നിരുന്നു. ഒരു വർഷം കൊണ്ട് നിർമാണ പ്രവൃത്തി പൂർത്തീകരിക്കണമെന്നുണ്ടെങ്കിലും പ്രവൃത്തി പകുതി പോലുമായിട്ടില്ല.
ചിലയിടങ്ങളിൽ കാൽനട യാത്ര പോലും സാധ്യമല്ലാതെയായതോടെയാണ് നാട്ടുകാർ സംഘടിച്ച് ഉപരോധ സമരം നടത്തിയത്. മണ്ണൂർ വായനശാല പരിസരത്ത് നടന്ന ഉപരോധ സമരം മട്ടന്നൂർ നഗരസഭ കൗൺസിലർ കെ.സി. മിനി ഉദ്ഘാടനം ചെയ്തു. വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കെ.നാരായണൻ, കെ.വിജയൻ, ബിജു മണ്ണൂർ തുടങ്ങിയവർ പ്രസംഗിച്ചു. കെ.റീന, വി.സുലോചന, സി.മനോഹരൻ തുടങ്ങിയവർ നേതൃത്വം നൽകി.