കിഴക്കന്പലം: കാലങ്ങളായി തോട്ടുവരന്പിനെ മാത്രം ആശ്രയിച്ചു വഴിനടന്നിരുന്ന ആറോളം കുടുംബങ്ങളെ ദുരിതത്തിലാക്കി സ്വകാര്യ വ്യക്തി മതിൽ നിർമിച്ചു. കിഴക്കന്പലം താമരച്ചാൽ വലിയതോടിനു സമീപത്ത് താമസിക്കുന്ന കുടുംബങ്ങളാണ് വഴിയില്ലാതെ വിഷമിക്കുന്നത്.
കിഴക്കന്പലം പഞ്ചായത്തും ട്വന്റി-20യും ചേർന്ന് നടപ്പാക്കുന്ന തോട് വികസനത്തിന്റെ ഭാഗമായി താമരച്ചാൽ വലിയതോടിന്റെ ഇരുവശങ്ങളും കരിങ്കൽകെട്ടി സംരക്ഷണഭിത്തി ഒരുക്കിയിരുന്നു. ഇതോടെ വഴിക്ക് കൂടുതൽ വീതി ലഭിച്ചത് പ്രദേശവാസികൾക്ക് ഏറെ ആശ്വാസമായിരുന്നു. ഇതിനിടെയാണ് സ്വകാര്യ വ്യക്തി തന്റെ സ്ഥാപനത്തിന്റെ മറവിൽ തോട്ടുവരന്പ് കൈയേറി മതിൽ നിർമിച്ചത്.
ഇതോടെ ഓട്ടോറിക്ഷയിലെങ്കിലും വീട്ടിലെത്താം എന്ന ഏറെ നാളത്തെ ആഗ്രഹം ഈ കുടുംബങ്ങൾക്ക് വ്യാമോഹമായി. 40 വർഷത്തിലേറെയായി ഈ കുടുംബങ്ങൾ തോട്ടുവരന്പിനെയാണ് ആശ്രയിച്ചിരുന്നത്. അസുഖം ബാധിച്ചാൽ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഇത്തരത്തിൽ ഒരാളെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ മരിച്ചിരുന്നു. സ്കൂളിലേക്കു പോകുന്ന കുട്ടികൾ തോട്ടിൽ വീണ് അപകടപ്പെടുമെന്ന ആശങ്കയും ഇവർക്കുണ്ട്.