കാഞ്ഞിരമറ്റം: റോഡ് നവീകരണം ആരംഭിച്ച് അഞ്ചു മാസമായിട്ടും പൂർത്തിയാക്കാനായിട്ടില്ല. ആദ്യഘട്ട ലോക്ക് ഡൗണിനും മുൻപേ ആരംഭിച്ചതാണ് തൊണ്ടിലങ്ങാടി-പൊയ്യാറ്റിത്താഴം റോഡ് നവീകരണം.
അരികുകൾ കല്ലു കെട്ടി ഉയർത്തി നിർമിക്കുന്ന പ്രവൃത്തിയാണ് എങ്ങുമെത്താതെ നിൽക്കുന്നത്. റോഡിൽ ഉയർത്തി നിർമിച്ച ചിറപ്പുറം ഭാഗം ഇപ്പോഴും ചെളിക്കുളമായി തുടരുകയാണ്.
നിർമാണ സമയത്ത് ഏറെ വിവാദങ്ങൾ ഉണ്ടായിരുന്ന ഭാഗം ഇപ്പോഴും യാത്ര ദുർഘടമായി നിലനിൽക്കുന്നു.ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടക്കുന്ന പ്രവൃത്തികൾ ആരംഭത്തിൽത്തന്നെ മെല്ലെപ്പോക്കിലായിരുന്നു.
നിലവിലുള്ള കരാറുകാരന്റെ പ്രവൃത്തികൾ അവസാനിച്ചുവെന്നും കട്ട വിരിക്കാനുള്ള പ്രവൃത്തികൾ മാത്രമാണ് ഇനിയുള്ളതെന്നുമാണ് അധികൃതർ പറയുന്നത്. എത്രയും വേഗം നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാണ് പരിസരവാസികൾ ആവശ്യപ്പെടുന്നത്.