മാവേലിക്കര :ജില്ലാ ആശുപത്രിയുടെ കവാടം മുതലുള്ള റോഡിന്റെ ശോചനീയാവസ്ഥ ഉടനടി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുണ്ടും കുഴിയും നിറഞ്ഞ റോഡിലെ വെള്ളക്കെട്ടിൽ കടലാസ് വള്ളങ്ങൾ ഇറക്കി വാഴ നട്ട് പ്രതിഷേധിച്ചു.
പ്രതിഷേധ യോഗം ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. കെ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. കോടികളുടെ വികസനങ്ങൾ സംസ്ഥാനത്ത് ഉടനീളം നടപ്പാക്കുന്നു എന്ന് പറയുമ്പോഴും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിൽ ഉള്ള സർക്കാർ ഒന്നും തന്നെ ചെയ്യാതെ ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന അവസ്ഥ ആണ് നടന്ന് കൊണ്ട് രിക്കുന്നത്.
രണ്ട് കോടി രൂപ മുടക്കി നിർമ്മിച്ച ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗം അഴിമതിയുടെ അസ്തികൂടമായി നില്‍ക്കുകയാണെന്നും 132 കോടി രൂപാ അനുവദിച്ചിട്ടും നാളിതുവരെ ഒരു രൂപാ പോലും ചിലവാക്കാതെ പൊള്ളയായ വികസന പ്രവർത്തങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്വപ്പെട്ടു.
ഹോസ്പിറ്റലിൽ ചെയ്യാവുന്ന സാധാരണ ടെസ്റ്റുകൾ പോലും സ്വകാര്യ കുത്തക ലാബായ മെഡിവിഷനിലേക്ക് ഡോക്ടർമാർ റഫർ ചെയ്യുകയും കൂടുതൽ തുക അവർ ഈടാക്കുന്നതും വിജിലൻസ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.