കോഴിക്കോട്: ദേശീയപാത, സംസ്ഥാനപാതകള്‍, നഗര പാതകള്‍ എന്നിവ ഉള്‍പ്പടെ ജില്ലയിലെ പ്രധാന റോഡുകളിലെ കുഴികള്‍ രണ്ടാഴ്ചയ്ക്കകം അടക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയോഗം ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ജില്ലാ കളക്ടര്‍ യു.വി. ജോസിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗം കാലവര്‍ഷത്തെ തുടര്‍ന്ന് ജില്ലയില്‍ നടക്കുന്ന ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
പ്രധാന പാതകളിലെ കുഴികളില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ ജാഗ്രതാ നടപടികള്‍ സ്വീകരിക്കാന്‍ യോഗം നിര്‍ദ്ദേശം നല്കി. കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന മേഖലയില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനും കളക്ടര്‍ നിര്‍ദേശം നല്കി. മണ്ണിടിച്ചിലിനെതുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി സ്റ്റോപ് മെമ്മോ നല്കിയ കക്കാടം പൊയില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ച നടപടി തുടരാന്‍ യോഗം തീരുമാനിച്ചു.
സിഡബ്ല്യുആര്‍ഡിഎമ്മും ജിയോളജിസ്റ്റും നല്കിയ റിപ്പോര്‍ട്ടില്‍ ഇവിടെ കൂടുതല്‍ പഠനം ആവശ്യമാണെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ഈ വിഷയം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഉയര്‍ത്തിയിട്ടുള്ള ഫ്ളക്സ്ബോര്‍ഡുകള്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ നീക്കം ചെയ്യുന്നതിനുള്ള സമയപരിധി 23ന് വൈകീട്ട് വരെ നീട്ടി. കോഴിക്കോട് കോര്‍പറേഷന്റെ വെസ്റ്റ് ഹില്ലിലുള്ള പ്ലാസ്റ്റിക് ഷെഡിംഗ് കേന്ദ്രത്തില്‍ ഫ്ളക്സ് ശേഖരിക്കുന്നതിന് കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബോര്‍ഡുകള്‍ വലിച്ചു കീറിയും തീയിട്ടും നശിപ്പിക്കാതെ ഫ്ളക്സ് ഉല്പന്നങ്ങള് പുനരുപയോഗ സാധ്യമാക്കണം. കേന്ദ്രീകൃത സംവിധാനം പ്രയോജനപ്പെടുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു. പാതയോരങ്ങളില്‍ നട്ടു വളര്‍ത്തിയ പൂമരം പോലുള്ള തണല്‍ വൃക്ഷങ്ങളുടെ വേരുകള്‍ മണ്ണിലേക്ക് ആഴ്ന്നിറങ്ങാത്തതിനാല്‍ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് അപകടങ്ങളും റോഡ് തടസ്സങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനും പകരം ആര്യവേപ്പ്, പുളിമരം എന്നിവ നട്ടു വളര്‍ത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി.