പറവൂർ: കോടികൾ മുടക്കി ഉയർന്ന ഗുണമേന്മയിൽ ടാറിംഗ് നടത്തിയ ദേശീയപാത മാസങ്ങൾ പിന്നിടും മുമ്പേ ചെറുകുഴികൾക്കൊണ്ടു നിറയുന്നു.
ദേശീയപാത 66ൽ ഏതാനും മാസം മുമ്പാണ് മൂത്തകുന്നം മുതൽ ഇടപ്പിള്ളി വരെ ടാറിംഗ് നടത്തിയത്.18 കോടി രൂപ ചെലവഴിച്ചാണ് ജോലികൾ പൂർത്തികരിച്ചതെന്നാണ് അധികൃരുടെ ഭാഷ്യം.
മഴക്കാലത്ത് പല ഘട്ടങ്ങളിലായിട്ടാണ് പണി പൂർത്തികരിച്ചത്. മഴയിൽ പോലും പെട്ടെന്ന് സെറ്റാകുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തുന്നതെന്നായിരുന്നു അവകാശവാദം.
എന്നാൽ ടാറിംഗ് കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ റോഡിൽ വ്യാപകമായി ചെറുകുഴികൾ രൂപപ്പെട്ടു. ഈ കുഴികളെല്ലാം തന്നെ ടാറിംഗ് മിശ്രിതം ഉപയോഗിച്ച് കാലതാമസം കൂടാതെ അടച്ചെങ്കിലും വീണ്ടും വ്യാപകമായി കുഴികൾ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്.
വീണ്ടും കുഴിയടക്കൽ ആരംഭിച്ചിട്ടുടെങ്കിലും ഇക്കുറി സിമന്റ് മിശ്രിതമാണ് കുഴിയടയ്ക്കലിന് ഉപയോഗപ്പെടുത്തുന്നത്.സാധാരണ നിലയിൽ കുഴികൾ രൂപപ്പെട്ടാൽ ഗർത്തങ്ങളായി അപകട സ്ഥിതിയിലായാൽ മാത്രം അറ്റകുറ്റ പണിക്ക് തയാറാകുന്നവർ വേഗത്തിൽ കുഴികൾ മൂടുന്നത് നിശ്ചിത വർഷത്തെ ഗാരന്റിയോടെ നടത്തിയ പണിയെ കുറിച്ച് ആക്ഷേപമുണ്ടായാൽ ബില്ല് മാറുന്നതിൽ തടസമുണ്ടാകാതിരിയ്ക്കാനാണെന്നാണ് ജനസംസാരം.
നിലവിൽ നാല് സ്ഥലങ്ങളിൽ ദേശീയ പാതയിൽ പൈപ്പ് പൊട്ടി റോഡ് തകർന്നിട്ടുണ്ട്. നിരവധി തവണ പരിഹരിച്ച സ്ഥലങ്ങളിലാണ് ഇപ്പോഴും ചോർച്ചയുള്ളത്.