അടൂർ: നഗരത്തിൽ കെപി റോഡിൽ സിഗ്നലിനു സമീപം മധ്യഭാഗത്തായി അപകടകരമാംവിധത്തിൽ വൻ കുഴി രൂപപ്പെട്ടു. അടൂരിൽ നിന്ന് തട്ട – പത്തനംതിട്ട, പറക്കോട്, ഏഴംകുളം, പത്തനാപുരം ഭാഗത്തേക്കും അവിടെ നിന്നും തിരികെയും വാഹനങ്ങൾ നിരന്തരം വന്നു സംഗമിക്കുന്ന ഭാഗമാണിത്.
വൻ ദുരന്തം ഒഴുവാക്കുന്നതിനായി ടൗണിലെ ഓട്ടോറിക്ഷത്തൊഴിലാളികൾ ജലസേചന വകുപ്പിന്റെ പൊട്ടിയ പൈപ്പ് കുഴിക്കുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്. കെപി റോഡ് അടൂർ ടൗൺ മുതൽ പത്തനാപുരം വരെ റോഡ് ടാറിംഗ് നടത്തുമെന്നു അധികൃതർ പറഞ്ഞിരുന്നെങ്കിലും മറിയാ ആശുപത്രി മുതൽ പടിഞ്ഞാറോട്ട് ഗാഡി സ്മൃതി മൈതാനം വരെ ടാറിംഗ് നടത്താത്തതിനാൽ തകർന്നു കിടക്കുകയാണ്.
ഇതുവഴി കാൽനടയാത്ര പോലും സാധ്യമല്ല. ടാറിംഗ് ഇളകിയും പൈപ്പുലൈനുകൾ പൊട്ടിയും നിരവധി കുഴികൾ റോഡിന്റെ ഇരുവശങ്ങളിലും മധ്യഭാഗത്തും രൂപപ്പെട്ടിരിക്കുന്നത്. പൊതുജനങ്ങൾ നിരവധി പ്രതിഷേധങ്ങൾ നടത്തിയിട്ടും അധികൃതർ കുംഭകർണ സേവയിലാണ്.