കാഞ്ഞിരമറ്റം: യാത്രക്കാർക്ക് ഭീഷണിയായി മാറിയ റോഡിലെ കുഴിയടച്ച് ഓട്ടോ തൊഴിലാളികൾ. തലയോലപ്പറമ്പ്-മുളന്തുരുത്തി റൂട്ടിൽ കാഞ്ഞിരമറ്റം മുസ്ലിം പള്ളിക്കു സമീപമാണ് റോഡിലെ കുഴി വില്ലനായിരുന്നത്.
മഴ പെയ്താൽ വെള്ളം നിറയുന്ന കുഴിയുടെ ആഴം മനസിലാക്കാനാവാത്ത ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിടുന്നത് സ്ഥിരം കാഴ്ചയായിരുന്നു.
വളവിലുള്ള കുഴി ഒഴിവാക്കാൻ മില്ലുങ്കൽ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വെട്ടിച്ചു മാറ്റുന്നതും അപകടകരമായിരുന്നു. തുടർന്നാണ് തൊട്ടടുത്തു തന്നെയുള്ള ഓട്ടോറിക്ഷ തൊഴിലാളികൾ ചേർന്ന് കുഴി അടച്ച് കോൺക്രീറ്റ് ചെയ്തത്.
കുഴിയിലെ കോൺക്രീറ്റ് സെറ്റാകുന്നതുവരെ മുന്നറിയിപ്പു നൽകാൻ അടയാളവും സ്ഥാപിച്ചിട്ടുണ്ട്.