കാട്ടാക്കട : കോട്ടൂരിലെ റോഡിലെ കുഴികളിൽപ്പെട്ട് ഗവർണർ. സ്വാതന്ത്ര്യദിനത്തിൽ യാത്ര ചെയ്യാൻ ഇറങ്ങി റോഡിലെ കുഴികളാൽ വലഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒടുവിൽ പരിതാപകരമായ അവസ്ഥ മാധ്യമപ്രപർത്തകരോട് പങ്കുവയ്ക്കുകയും ചെയ്തു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ കോട്ടൂർ ആന പുനരധിവാസകേന്ദ്രത്തിലെത്തിയ ഗവർണറെ കാത്തിരുന്നത് വഴിനീളെ കുഴികളാണ്.
കേരളത്തിലെ റോഡിലെ കുഴികൾ ചർച്ചയാകുന്ന ഘട്ടത്തിലാണ് ഇത്തരമൊരു അവസ്ഥ ഗവർണർക്കും അനുഭവിക്കേണ്ടി വന്നത്.
നഗരത്തിലെ റോഡുകളിൽ അകമ്പടിയോടെ ചീറിപ്പാഞ്ഞുപോകാറുള്ള ഗവർണറുടെ വാഹനവ്യൂഹം കോട്ടൂർ ആനസങ്കേതത്തിലേക്കുള്ള റോഡിലൂടെ വളരെ പതിയേയാണ് നീങ്ങിയത്.
ഏറെസമയമെടുത്താണ് കുഴികൾ താണ്ടി വാഹനം ലക്ഷ്യസ്ഥാനത്തെത്തിയത്. കുലുങ്ങി കുലുങ്ങിയുള്ള യാത്രയിൽ ഗവർണർ ശരിക്കും ക്ഷീണിച്ചിരുന്നു.
‘എല്ലാ ദിവസവും ടി.വികളിൽ റോഡിലെ കുഴികളെക്കുറിച്ച് നമ്മൾ കാണുന്നുണ്ട്. സിനിമാ പോസ്റ്ററിൽ പോലും സംസ്ഥാനത്തുടനീളം ഇത് ചർച്ചയായി.
റോഡിൽ കുഴി ഇല്ലാതാകണമെങ്കിൽ നടപടികൾക്ക് വേഗതയുണ്ടാകണം’ . യാത്രയ്ക്ക് ശേഷം ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു.
സന്ദർശനത്തിന്റെ ഭാഗമായി അനുഗമിച്ച സ്ഥലം എംഎൽഎ സ്റ്റീഫൻ കൂടെ നിൽക്കുമ്പോഴാണ് ഗവർണറുടെ പ്രതികരണം.
അറ്റകുറ്റപ്പണി നടക്കാത്ത കോട്ടൂരിലെ ഈ റോഡ് ആരുടെ നിയന്ത്രണത്തിലാണെന്ന കാര്യത്തിലും ആശയക്കുഴപ്പമാണ്.
പഞ്ചായത്ത് ആസ്തിയിലുള്ള റോഡാണെങ്കിലും ഒന്നര വർഷം മുമ്പ് ആനപരിപാലന കേന്ദ്രത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിർമാണ അനുമതി വനംവകുപ്പിന് നൽകിയിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ പറഞ്ഞു.
എന്നാൽ വനം വകുപ്പിനോട് തിരക്കിയപ്പോൾ റോഡിനെ കുറിച്ച് പറയാൻ വിസമ്മതിക്കുകയായിരുന്നു. ഈ റോഡിന്റെ പരിതാപകരമായ അവസ്ഥ രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.