കടുത്തുരുത്തി: റോഡിലെ വെള്ളക്കെട്ട് മൂലം സ്കൂളിലേക്കുള്ള യാത്ര ദുരിതത്തിലാണെന്നും പ്രശ്ന പരിഹാരത്തിന് സഹായിക്കണമെന്നും ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന് വിദ്യാര്‍ഥികളായ സഹോദരങ്ങളുടെ പരാതി.
പ്രശ്നത്തില്‍ ഇടപെട്ട കമ്മീഷന് പ്രശ്ന പരിഹാരത്തിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത്, പിഡബ്യുഡി അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
അതോടെ പിഡബ്യുഡി അധികൃതര്‍ താത്കാലികമായി ചാല് കീറി സ്ലാബിട്ട് റോഡിലെ വെള്ളം സമീപത്തെ കലുങ്കിലേക്ക് ഒഴുക്കിവിട്ടു പ്രശ്നത്തിന് പരിഹാരം കണ്ടു.
ശാശ്വത പരിഹാരം ഉടന്‍ കാണുമെന്ന ഉറപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തുടര്‍ നടപടികളുണ്ടായില്ലെങ്കില്‍ വീണ്ടും പരാതിയുമായി പോകാനാണ് വിദ്യാര്‍ഥി സഹോദരങ്ങളുടെ തീരുമാനം.
ഞീഴൂര്‍ പഞ്ചായത്തിലെ മഠത്തിപ്പറമ്പ് – മങ്ങാട്ടുകാവ് – പുലിക്കുട്ടുമ്മേല് റോഡിലെ വെള്ളക്കെട്ടാണ് കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്കുമെല്ലാം ദുരിതമായത്.
ഇതുവഴി പാഴുത്തുരുത്ത് എസ്കെപിഎസ് സ്കൂളിലേക്കു പോയി വന്നിരുന്ന മഠത്തിപ്പറമ്പ് വാരപ്പടവില്‍ ജിയ റോസ് ജയ്സണ്‍ (13), സഹോദരന് ജിയോണ്‍ ആന്റോ ജയ്സണ്‍ (10) എന്നിവരാണ് പ്രശ്ന പരിഹാരത്തിന് സഹായിക്കണമെന്ന ആവശ്യവുമായി ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്.
പഞ്ചായത്തിലും പിഡബ്ലുഡിയിലും ജില്ലാ കളക്ടര്‍ക്കുമുള്‍പ്പെടെ അധികാരികള്‍ക്കെല്ലാം ഇക്കാര്യമാവിശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ പിതാവായ ജെയ്സണ്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ നടപടികളുണ്ടാവാതെ വന്നതോടെയാണ് ജയ്സന്റെ മക്കള്‍ കമ്മീഷന് പരാതി നല്‍കിയത്.റോഡിലെ വെള്ളക്കെട്ട് മൂലം ഒന്നര കിലോമീറ്ററോളം ചുറ്റി കരങ്ങി വേണം സ്കൂളില്‍ പോയി വരാനെന്ന് കുട്ടികള്‍ പറയുന്നു.
സൈക്കിളിലാണ് എട്ടും അഞ്ചും ക്ലാസ്സ് വിദ്യാര്‍ഥികളായ ഇരുവരും സ്കൂളില്‍ പോയിരുന്നത്.മുകള്‍ ഭാഗത്തുനിന്ന് ഒഴുകിയെത്തിയിരുന്ന വെള്ളം റോഡിലെ ചപ്പാത്തിലൂടെ സമീപത്തെ പാടത്തേക്കാണ് മുമ്പ് ഒഴുകിയിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പിന്നീട് പാടം മണ്ണിടിച്ചുയര്ത്തി വീടുകള്‍ വച്ചതോടെ വെള്ളം ഒഴുകി പോകാതെ റോഡില്‍ കെട്ടി നില്‍ക്കുകയായിരുന്നു.