കോഴിക്കോട്: സംസ്ഥാനത്തെ റോഡുകളില്‍ വാ പിളര്‍ന്ന് ചതിക്കുഴികള്‍. മഴക്കാലത്തിന് മുമ്പേ റോഡുകളുടെ അറ്റകുറ്റപണി തീര്‍ക്കുമെന്ന പൊതുമരാമത്ത് വകുപ്പിന്റെ വാഗ്ദാനം നടപ്പാക്കാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല. റോഡിലെ കുഴിയില്‍ വീണ് കോഴിക്കോട് കഴിഞ്ഞ ദിവസം സ്കൂട്ടര്‍യാത്രക്കാരി ധാരുണമായി കൊല്ലപ്പെട്ടിരുന്നു.
അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുറ്റക്കാരനായ പൊതുമരാമത്ത് വകുപ്പ് എന്‍ജീനയര്‍ക്ക് നേരെ നടപടിയെടുക്കുകയും റോഡിലെ കുഴിയടയ്ക്കുകയും ചെയ്ത അധികൃതര്‍ മരണത്തിന് വേണ്ടി കാത്തു നില്‍ക്കുകയായിരുന്നുവെന്നാണ് ഉയരുന്ന ആരോപണം. കണ്മുന്നിലെ അപകടസാധ്യത കണ്ടിട്ടും അധികൃതരെ കൊണ്ട് നടപടിയെടുപ്പിക്കാന്‍ ജനപ്രതിനിധികളും തയാറാവാത്തതാണ് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്നാണ് പൊതുഅഭിപ്രായം.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട് സ്കൂട്ടര്‍ യാത്രക്കാര്‍ മരിക്കാനിടയായ സംഭവം അധികൃതരുടെ നിസംഗതയുടെ അവസാന ഉദാഹരമാണ്. ജില്ലാ സഹകരണ ആശുപത്രി ജീവനക്കാരി മലാപ്പറമ്പ് കണിയാംമ്പറ്റപറമ്പ് ‘രേവതി’യില്‍ അജിത (44) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. റോഡിലെ കുഴിയില്‍ വീണതോടെ സ്കൂട്ടറില്‍ നിന്ന് അജിത ലോറിക്കടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
അതേസമയം സ്കൂട്ടര്‍ യാത്രക്കാരി മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുഴയടക്കാന് അധികൃതര്‍ എത്തിയതും ശ്രദ്ദേയമാണ്. ജീവന് പൊലിഞ്ഞാല്‍ മാത്രമാണ് തുടര്‍നടപടികള്‍ക്ക് അധികൃതര്‍ കണ്ണു തുറക്കുന്നുള്ളൂ. റോഡിലെ കുഴിയില്‍ ചാടിയ സ്കൂട്ടറില്‍നിന്ന് തെറിച്ചുവീണ് യാത്രക്കാരി ലോറിക്കടിയില്‍പ്പെട്ടു മരിച്ച സംഭവത്തില്‍ വാട്ടര്‍ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറേയും ലോറി ഡ്രൈവറേയും നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എഞ്ചിനീയര്‍ വേങ്ങേരി സ്വദേശി താഴെവെളുത്തേടത്ത് വിനോജ് കുമാര്‍(47), ലോറി ഡ്രൈവറായ താമരശ്ശേരി കൈതപ്പുഴ സ്വദേശി തുമ്പമലച്ചലില് ടി.കെ. ബിജു(51) എന്നിവരെയാണ് മെഡിക്കല്‍ കൊളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 279-ാം വകുപ്പ് പ്രകാരം അമിത വേഗതയില്‍ അപകടമാം വിധം വാഹനമോടിക്കല്‍, 337 പ്രകാരം വാഹനമോട്ടിച്ച് പരിക്കേല്‍പ്പിക്കല്‍, 304(എ) പ്രകാരം അശ്രദ്ധ പ്രവൃത്തി കാരണം മരണം തുടങ്ങിയ വകുപ്പുകളാണ് ടി.കെ. ബിജുവിനെതിരെ ചുമത്തിയിരിക്കുന്നത്.
വിനോജ് കുമാറിന് മേല്‍ പിന്നീട് വകുപ്പുകള്‍ ചുമത്തുമെന്ന് മെഡിക്കല്‍ കോളജ് പോലീസ് അറിയിച്ചു. കുടിവെള്ള പൈപ്പിനായി എടുത്ത കുഴിയാണ് അപകടകാരണമെന്ന് കണ്ടെത്തിയാണ് നടപടി. ഇരുവരുടെയും മൊഴി രേഖപ്പെടുത്തി ബുധനാഴ്ച വൈകുന്നേരത്തോടെ ജാമ്യത്തില്‍ വിട്ടു.
ഭീകരാക്രമണത്തിലും അതിര്‍ത്തിയിലെ ആക്രമണങ്ങളിലും കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതല്‍ പേര് റോഡിലെ കുഴികളില്‍ വീണാണ് മരിക്കുന്നതെന്നായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. 2013 മുതല്‍ 2018 ഡിസംബര്‍ വരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ റോഡിലെ കുഴികളില്‍ വീണുണ്ടായ അപകടങ്ങളില്‍ ജീവന് നഷ്ടപ്പെട്ടത് 15,000 പേര്‍ക്കാണെന്നായിരുന്നു കണക്കുകള്‍.
ഭരണകൂടങ്ങള്‍ക്കെതിരേ രൂക്ഷഭാഷയില്‍ ഈ നരഹത്യ അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടും അധികൃതര്‍ക്ക് അനക്കമുണ്ടായിട്ടില്ല. സംസ്ഥാനത്തും റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്.