പാലാ: സ്റ്റേഡിയം ജംഗ്ഷനിലെ കുഴികളും വെള്ളക്കെട്ടും അപകടങ്ങൾക്ക് ഇടയാക്കുന്നു.ഇന്നലെ രാത്രി കട്ടപ്പനയിൽനിന്നു രോഗിയുമായി കോട്ടയം മെഡിക്കൽ കോളജിലേക്കു പോകുകയായിരുന്ന ആംബുലൻസ് ഇവിടത്തെ കുഴിയിൽ ചാടി അപകടത്തിൽപ്പെട്ടു.
റോഡിലെ വലിയ കുഴിയിൽ ചാടിയ ആംബുലൻസിന്റെ ടയർ പൊട്ടുകയും റോഡിൽ കുടുങ്ങുകയും ചെയ്തു.പോലീസും നാട്ടുകാരും ചേർന്ന് ടയർ മാറ്റിയിടാൻ സഹായിച്ചാണ് വാഹനം കടത്തിവിട്ടത്.
രോഗിയെ മറ്റൊരു വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്.ഏതാനും മാസം മുന്പ് ഇവിടത്തെ കുഴികൾ നികത്തി ടാർ ചെയ്തിരുന്നുവെങ്കിലും കനത്ത മഴയിൽ റോഡിൽ വീണ്ടും വലിയ കുഴികൾ രൂപപ്പെടുകയായിരുന്നു.
ഇരുചക്രവാഹന യാത്രക്കാരടക്കം ഇവിടെ അപകടത്തിൽപ്പെടുകയാണ്. ഇതുവഴി കാൽനട യാത്രപോലും ദുഷ്കരമാണ്.
സ്റ്റേഡിയം ജംഗ്ഷനിലെ കുഴികൾ അടച്ച് സുരക്ഷിതമായ യാത്രയ്ക്ക് സൗകര്യം ഒരുക്കണമെന്നു വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.
ടോറസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഓടുന്ന റോഡായതിനാൽ സിമന്റുകട്ടകൾ പാകി ഉറപ്പിച്ചെങ്കിലേ റോഡ് നിലനിൽക്കൂവെന്നു സമീപത്തെ വ്യാപാരികളും യാത്രക്കാരും പറഞ്ഞു.