തൃശൂർ: റോഡപകടങ്ങൾ കുറയ്ക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ടൂവീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. റോഡിൽ കുഴി രൂപപ്പെട്ട് അഞ്ചു ദിവസത്തിനുള്ളിൽ കരാറുകാരനെക്കൊണ്ട് അടപ്പിച്ചില്ലെങ്കിൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനും മേലുദ്യോഗസ്ഥനും പിന്നീട് വരുന്ന ഓരോ ദിവസത്തിനും ആയിരം രൂപ ഫൈൻ ഈടാക്കണമെന്ന് അസോസിയേഷൻ ഗവർണർക്കും മുഖ്യമന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
കുറച്ചു മെറ്റലും ടാറും ഉണ്ടെങ്കിൽ മൂടാവുന്ന ചെറിയ കുഴികളാണ് പിന്നീട് വൻ ഗർത്തങ്ങളായി ജനത്തിന്റെ ജീവനെടുക്കുന്നത്. പൈപ്പ് ഇടാനോ മറ്റോ റോഡിൽ കുഴിയെടുത്ത് ഒരാഴ്ചയ്ക്കുള്ളിൽ പൂർവ സ്ഥിതിയിലാക്കിയില്ലെങ്കിലും പിഴ ചുമത്തണമെന്ന് അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കൽ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
അപകടങ്ങൾ കുറയ്ക്കാൻ വിവിധ നിർദ്ദേശങ്ങളടങ്ങിയ നിവേദനമാണ് സമർപ്പിച്ചത്. പിൻസീറ്റ് അപകടകരമായ നിലയിൽ ഉയർത്തി വച്ചിട്ടുള്ള ബൈക്കുകൾ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.