ചിറ്റൂർ: അലയാർ-വണ്ടിത്താവളം പാതിയിൽകുളത്തിനുസമീപം ബണ്ടിൽ രൂപംകൊണ്ട ഗർത്തം ഇതുവഴിയുള്ള വാഹനസഞ്ചാരം ദുർഘടമാക്കി. നിലവിൽ ഇവിടെ ഒരു ബസിനു മാത്രം സഞ്ചരിക്കാനുള്ള വീതിയേയുള്ളൂ. യു ആകൃതിയിൽ കുളത്തിനു ബണ്ട് വളവുമുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടു ഇരുചക്രവാഹനങ്ങൾ ഗത്തത്തിലേക്കു വീണ് യാത്രക്കാർക്കു പരിക്കേറ്റിരുന്നു.
രാത്രിസമയത്ത് എതിർദിശയിൽനിന്നും വരുന്ന വാഹനങ്ങൾക്കു വഴിമാറി കൊടുക്കുന്നതിനിടെ ഗർത്തത്തിൽ ഇടിച്ചിറങ്ങിയാണ് മിക്കപ്പോഴും അപകടമുണ്ടാകുന്നത്.പതിനഞ്ചു സ്വകാര്യ ബസുകൾക്കു പുറമേ 25ൽ കൂടുതൽ വിദ്യാർഥികളുടെ ബസുകളും ഇതുവഴി സഞ്ചരിക്കുന്നു.
നന്ദിയോട്, ഏന്തൽപ്പാലം, അയ്യപ്പൻകാവ്, പന്തൽമൂച്ചി, പട്ടഞ്ചേരി, തണ്ണീർപന്തൽ എന്നിവിടങ്ങളിൽനിന്നും താലൂക്ക് ആസ്ഥാനമായ ചിറ്റൂരിലേക്ക് ദൂരക്കുറവുള്ളതിനാൽ അലയാർ വഴിയാണ് പതിവായി സഞ്ചരിക്കുന്നത്.മീനാക്ഷിപുരം-വണ്ടിത്താവളം പ്രധാനപാതയിൽ ഉണ്ടാകുന്ന അപകടങ്ങളിൽ പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും അലയാർ പ്രധാനപാതയിലൂടെയാണ്.
സ്ഥലത്തെ അപകടാവസ്ഥ തിരിച്ചറിയാൻ നാട്ടുകാർ ഗർത്തത്തിന് ഇരുവശവും ബാരൽ സ്ഥാപിച്ച് അപകട മുന്നറിയിപ്പിനായി ചുവന്നകൊടിയും സ്ഥാപിച്ചിരിക്കുകയാണ്. എത്രയുംവേഗം ഗർത്തം നികത്തി പുനർനിർമിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.