പാലക്കാട്: കോഴിക്കോട് -പാലക്കാട് എൻ എച്ച് 213-ൽ മണ്ണാർക്കാട് മുതൽ വിയ്യക്കുറുശി, കൊറ്റിയോട്, ചൂരിയോട്, തച്ചന്പാറ, പൊന്നംകോട,് മാച്ചാംതോട്, ശിരുവാണി ജംഗ്ഷൻ, ഇടക്കുറിശി, പള്ളിപ്പടി, പനയംന്പാടം, കല്ലടിക്കോട,് മുണ്ടൂർവരെയുള്ള റോഡ് മരണക്കെണിയൊരുക്കിയ ചതിക്കുഴികളായി മാറിയിരിക്കുന്നതായും ഇതുമൂലം കെഎസ്ആർടിസി സ്വകാര്യ ബസുകൾ സർവീസുകൾ പകുതിയാക്കിയതായി കേരള കോണ്ഗ്രസ് (ജേക്കബ്) യോഗം ആരോപിച്ചു.
മണ്ണാർക്കാട് മുതൽ ശിരുവാണി ജംഗ്ഷൻ വരെയാണ് ഏറ്റവും വലിയ ചതിക്കുഴികൾ. കഴിഞ്ഞദിവസം മണ്ണാർക്കാടുനിന്നും പാലക്കാട്ടേയ്ക്ക് വന്ന കെഎസ്ആർടിസി ബസ് മാച്ചാംതോട് ഭാഗത്ത് കുഴിയിലേക്ക് ഇറങ്ങി മെയിൻ ലീഫ് പൊട്ടി യാത്ര തുടരാൻ സാധിച്ചില്ല. ഇതുമൂലം യാത്രക്കാർക്ക് താമസം നേരിട്ടു.
ചതിക്കുഴികളുള്ള റോഡിൽ വാഹനാപകടങ്ങളും അപകട മരണങ്ങളും തുടർക്കഥയായി മാറുന്നതായും ഗർഭിണികളായ സ്ത്രീകൾ വാഹനങ്ങളിൽ ഈവഴി യാത്ര ചെയ്താൽ വാഹനങ്ങൾ ചതിക്കുഴിയിൽ വീഴുന്പോൾ പ്രസവം നടക്കാൻ സാധ്യതയുള്ളതായും യോഗം ആരോപിച്ചു.
ബസ് സർവീസുകൾ കുറഞ്ഞതുമൂലം പൊതുജനങ്ങളും സ്കൂൾ കുട്ടികളും വ്യാപാരികളും ഉദ്യോഗസ്ഥരും ശക്തമായ പ്രതിഷേധത്തിലാണെന്നും മണിക്കൂറുകൾ ബസ് കാത്തുനിന്ന് വലയുകയാണെന്നും യോഗം ആരോപിച്ചു.
ശക്തമായ കാലവർഷം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞിട്ടും കുഴികൾ അടച്ച് റോഡ് വാഹന ഗതാഗതയോഗ്യമാക്കാത്തതിൽ ജനങ്ങളുടെ ഇടയിൽ പ്രതിഷേധം ശക്തമാണെന്നും എത്രയുംവേഗം യുദ്ധകാലാടിസ്ഥാനത്തിൽ കുഴികളടച്ച് വാഹന ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ പാർട്ടി പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ് വി.ഡി.ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.ഡി.ഉലഹന്നാൻ, എൻ.കെ.പുരുഷോത്തമൻ, ജില്ലാ ട്രഷറർ വി.എം.തോമസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.എം.കുരുവിള, വി.എ.കേശവൻ, വി.അനിൽ കുമാർ, ഗ്രേസി ജോസഫ്, പി.ഒ.വക്കച്ചൻ, അഡ്വ. ടൈറ്റസ് ജോസഫ്, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഐസക് ജോണ് വേളൂരാൻ, സന്തോഷ് മാത്യു അറയ്ക്കൽപറന്പിൽ, സി.ജെ.തോമസ്,
വിൻസന്റ് ഇടയാനിക്കാട്ട്, ജി.രാമചന്ദ്രൻ, എം.എൽ.ജാഫർ, ജെയിംസ് മൈലംപുള്ളി, വി.ജയരാജൻ, ചെന്താമരാക്ഷൻ, കെ.പി.തങ്കച്ചൻ, അബ്ദുൾ റഹ്്മാൻ, വനിതാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി രാജൻ, കെടിയുസി ജില്ലാ പ്രസിഡന്റ് സതീഷ് ചന്ദ്രവർമ, കർഷക തെഴിലാളി ജില്ലാ പ്രസിഡന്റ് ജോസ് പ്ലാത്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു.