നെടുമങ്ങാട് : അരുവിക്കരമണ്ഡലത്തില് നവീകരിച്ച റോഡുകള് ഗതാഗതത്തിനായി തുറന്നു. ബിഎം ആന്ഡ് ബിസി നിലവാരത്തില് നവീകരിച്ച മൂന്ന് റോഡുകള് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
മൈലോട്ടുമൂഴി-ചായ്ക്കുളം റോഡ്, നെട്ടിറച്ചിറ-വെള്ളനാട്-പൂവച്ചല് റോഡ്, വെള്ളനാട്-കണ്ണമ്പള്ളി-ചേപ്പോട്-മുളയറ റോഡ് എന്നിവയാണ് നവീകരിച്ചത്.
20 കോടിയിലധികം രൂപയാണ് മൂന്ന് റോഡുകളുടെ നവീകരണത്തിനായി ചെലവായത്. മികച്ച ഗുണനിലവാരമുള്ള റോഡുകൾ യാഥാർഥ്യമാക്കുകയെന്ന ജനങ്ങൾക്കുള്ള ഉറപ്പാണ് സർക്കാർ പാലിക്കുന്നതെന്നു മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
കേരളത്തിലെ 30,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളിൽ 50 ശതമാനം റോഡുകളും കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ തന്നെ ബി എം ആൻഡ് ബി സി നിലവാരത്തിലേക്ക് ഉയർത്താനായെന്നും മന്ത്രി പറഞ്ഞു.
ചായ്ക്കുളം ജംഗ്ഷനിലും വെള്ളനാട് ശ്രീഭദ്ര ഓഡിറ്ററിയത്തിലും നടന്ന ഉദ്ഘാടന ചടങ്ങുകളില് ജി.സ്റ്റീഫന് എംഎല്എ അധ്യക്ഷനായിരുന്നു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, പൂവച്ചല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.സനല്കുമാര് തുടങ്ങി യവർ പങ്കെടുത്തു.