തൃശൂർ: ശക്തൻ റിംഗ് റോഡ് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ നടത്തിയ ശ്രമം കോർപറേഷനെ കുരുക്കിലാക്കി. പുറന്പോക്ക് എന്ന അനുമാനത്തിൽ കൈയേറിയ ഭൂമിക്ക് അവകാശിയെത്തി. സ്വകാര്യ വ്യക്തി ഭൂമിയിൽ വേലികെട്ടി തിരിച്ചതോടെ ഇവിടെ ജംഗ്ഷൻ വികസന നടപടികൾ അനിശ്ചിതത്വത്തിലായി. ഉടമയെ കണ്ടെ ത്താൻ ശ്രമിക്കാതെ, ജംഗ്ഷൻ വികസനത്തിന്റെ ആദ്യപടിയായി മണ്ണിട്ട് പാത ഒരുക്കുകയാണ് ചെയ്തത്. ട്രാഫിക് പോലീസ് ഇതുവഴി ഗതാഗത സൗകര്യവും ഒരുക്കിയിരുന്നു.
ചെട്ടിയങ്ങാടിയിൽനിന്നും ശക്തൻ സ്റ്റാൻഡിലേക്ക് തിരിയുന്ന ജംഗ്ഷനിൽ ഇടതുവശത്ത് ഒരാഴ്ചമുന്പാണ് കോർപറേഷൻ മണ്ണിട്ട് പാതയൊരുക്കിയത്. പുറന്പോക്ക് സ്ഥലമെന്ന നിഗമനത്തിലാണ് കോർപറേഷൻ ഭൂമിയിൽനിന്നുള്ള മണ്ണടിച്ചത്. ഈ ഭാഗം തറനിരപ്പിനോടു നികത്തി ടാറിംഗ് നടത്താനായിരുന്നു തീരുമാനം. പൂരത്തിനുമുന്നോടിയായുള്ള റോഡ് ടാറിംഗിനുമുന്പ് ജംഗ്ഷനുകൾ പരമാവധി വീതികൂട്ടുകയാണ് ലക്ഷ്യമെന്ന് മേയർ അജിത ജയരാജനും അറിയിച്ചു.
ഇതിനിടെ ഇന്നലെയാണ് സ്വകാര്യ വ്യക്തി ഇവിടെ കന്പിവേലി കെട്ടി പാതയടച്ചത്. ജില്ലയിലെ ഒരു പ്രമുഖ വ്യവസായിയുടേതാണ് ഈ സ്ഥലം. നഗരത്തിലെ സ്ഥലം ആരുടേതാണെന്ന് രേഖകളോ, പുറന്പോക്ക് ഭൂമിയാണെങ്കിൽ അത് തിരിച്ചറിയാനോ തെളിയിക്കാനോ ഉള്ള രേഖകളും കോർപറേഷനു കീഴിൽ ഇല്ലെന്നാണ് വസ്തുത. ഗതാഗതക്കുരുക്ക് രൂക്ഷമായ നഗരത്തിലെ 18 പ്രധാന പോയിന്റുകൾ സംബന്ധിച്ച് ട്രാഫിക് പോലീസ് ഒരുമാസം മുന്പ് കോർപറേഷന് റിപ്പോർട്ട് നല്കിയിരുന്നു.
അതിലൊന്നാണ് ശക്തൻ റിംഗ് റോഡ് ജംഗ്ഷൻ. തമിഴ്നാട് എസ്ടിസി, കഐസ്ആർടിസി, വോൾവോ, സ്കാനിയ പോലുള്ള ബസുകൾക്കും മറ്റു വലിയ വാഹനങ്ങൾക്കും ഇടുങ്ങിയ ജംഗ്ഷനിൽ എത്തിയ ശേഷം കിഴക്കോട്ടു തിരിയണമെങ്കിൽ വലിയ ബുദ്ധിമുട്ടാണ്. ഇടത്തോട്ടുതിരിയാൻ റോഡിന്റെ വലതുവശം കയറ്റി ഒടിച്ചെടുക്കുന്നതുമൂലം ചെറുവാഹനങ്ങളിൽ വാഹനം തട്ടുന്നതും ഗതാഗതക്കുരുക്കും എന്നും തലവേദനയായിരുന്നു.
ഒടികിട്ടാതെ പലതവണ മുന്നോട്ടും പിന്നോട്ടും എടുത്താണ് ബസുകൾ തിരിഞ്ഞുപോയിരുന്നത്. കോണ്ക്രീറ്റ് ഡിവൈഡറിൽ വാഹനങ്ങൾ തട്ടുന്നതും പതിവാണ്. യാത്രക്കാർക്കും ഡ്രൈവർമാർക്കും അടക്കം വലിയ ആശ്വാസമാകുന്ന നടപടിയാകും ജംഗ്ഷൻ വീതികൂട്ടൽ. റിംഗ് റോഡിൽനിന്നും കയറി കെഎസ്ആർടിസി ബസുകൾ സ്റ്റാൻഡിലേക്കു പ്രവേശിക്കുന്ന റോഡും വീതികൂട്ടാൻ നടപടി ആരംഭിച്ചിട്ടുണ്ട്. നിലവിൽ സ്റ്റാൻഡിനോടു ചേർന്ന് റോഡിന്റെ വലതുവശത്തുള്ള ഓട്ടോറിക്ഷ സ്റ്റാൻഡ് ഇടത്തോട്ടുമാറ്റും.
മണ്ണിടുന്പോൾ ആളുവരുമല്ലോ, വരുകയും ചെയ്തു വർഗീസ് കുണ്ടംകുളത്തി (ഡപ്യൂട്ടി മേയർ)
പുറന്പോക്ക് സ്ഥലമെന്നാണ് കരുതിയത്. മണ്ണിടുന്പോൾ ആവശ്യക്കാർ വരുമല്ലോ? അങ്ങനെ വരുകയും ചെയ്തു. ഒരു പ്രമുഖ വ്യവസായിയുടേതാണ് സ്ഥലം എന്നറിഞ്ഞിട്ടുണ്ട്. അവരാണ് വേലികെട്ടി തിരിച്ചത്. രേഖകൾ കോർപറേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നെഗോഷിബിൾ ആക്ട് പ്രകാരം സ്ഥലമേറ്റെടുക്കാൻ നടപടി സ്വീകരിക്കും.
കളക്ടർ നിശ്ചയിക്കുന്ന ന്യായവിലയ്ക്ക് ഭൂമി ഏറ്റെടുക്കാൻ സന്നദ്ധമാണ്. അല്ലാത്തപക്ഷം അക്വിസിഷൻ നടപടികളുമായി മുന്നോട്ടുപോകേണ്ട ിവരും. വികസനത്തിനു വേണ്ടി ചെയ്യുന്പോൾ തടസങ്ങൾ സ്വാഭാവികമാണ്. വികസനം വേണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. സ്വകാര്യ വ്യക്തിക്കും ഇത് മനസിലാകുമെന്നാണ് കരുതുന്നത്. അദ്ദേഹം സ്ഥലം ന്യായവിലയ്ക്ക് വിട്ടുതരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
വീതികൂട്ടേണ്ടത് ആവശ്യം, കൈയേറിയ നടപടി ശരിയല്ല രാജൻ പല്ലൻ (മുൻ മേയർ, സ്ഥലം കൗണ്സിലർ)
താൻ മേയറായിരുന്ന അവസാന കാലഘട്ടത്തിൽ ഇതിനായി നടപടികൾ ആരംഭിച്ചിരുന്നു. കളക്ടർ നിശ്ചയിക്കുന്ന വിലയ്ക്ക് ഭൂമി വിട്ടുനല്കാൻ ബന്ധപ്പെട്ടവർ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള നെഗോഷിയേഷൻ ആരംഭിക്കുകയും ചെയ്തു. എന്നാൽ ഇലക്്ഷൻ പ്രഖ്യാപിച്ചതോടെ നടപടികൾ മുന്നോട്ടുപോയില്ല. ശക്തൻ റിംഗ് റോഡ് ജംഗ്ഷൻ വീതികൂട്ടി വികസിപ്പിക്കേണ്ട ത് അത്യാവശ്യമാണ്. നടപടികൾ സ്വാഗതം ചെയ്യുന്നു. എന്നാൽ സ്വകാര്യ വ്യക്തിയുടെ ഭൂമി കൈയേറിയ രീതിയിൽ നടപടിയുമായി മുന്നോട്ടുപോകുന്നത് ശരിയല്ല.