കായംകുളം: റോഡിലെ വൻ കുഴികൾ യാത്രക്കാരുടെ ജീവന് ഭീഷണിയാകുകയും അപകടം പതിവാകുകയും ചെയ്തതിനെ തുടർന്ന് പള്ളി ഭാരവാഹികളും നാട്ടുകാരും ചേർന്ന് റോഡിലെ കുഴിയടച്ചു. കൊല്ലം- തേനി ദേശീയപാതയിലെ വെട്ടിയാർ പള്ളിമുകൾ ജംഗ്ഷനിലെ റോഡിലെ കുഴികളാണ് ഇന്നലെ വൈകുന്നേരത്തോടെ സിമന്റും മെറ്റലും ഉപയോഗിച്ച് നാട്ടുകാരും വെട്ടിയാർ കിഴക്ക് മുസ്ലിം ജമാഅത്ത് ഭാരവാഹികളും ചേർന്ന് അടച്ചത്.
സ്ഥിരം അപട മേഖലയായി ഇവിടം മാറിയിട്ടുണ്ട്. റോഡിലെ കുഴിയിൽ വീണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഉണ്ടായ വ്യത്യസ്ത അപകടങ്ങളിൽ സ്കൂട്ടർ യാത്രികയായ ഒരു വീട്ടമ്മയ്ക്കും ബൈക്ക് യാത്രികനായ ഒരാൾക്കും പരിക്കേറ്റിരുന്നു. കുഴിയിൽ വീഴാതിരിക്കാൻ വാഹനം വെട്ടിച്ചുമാറ്റുന്നതിനിടയിലാണ് അപകടം ഉണ്ടാകുന്നത്. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കൊല്ലം- തേനി ദേശീയ പാതയുടെ ഭാഗമായ റോഡാണിത്.
ദേശീയപാത ഉദ്യോഗസ്ഥരെ പലതവണ വിവരമറിയിച്ചിട്ടും അടിയന്തര നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. തുടർന്നാണ് നാട്ടുകാരും ജമാഅത്ത് ഭാരവാഹികളും രംഗത്തിറങ്ങിയത്. വെട്ടിയാർ കിഴക്ക് ജമാഅത്ത് സെക്രട്ടറി ഷൗക്കത്തലി, ഭാരവാഹികളായ നൈസാം ഡിസൈൻ മീഡിയ, ഷാജഹാൻ തുടങ്ങിയവരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു കുഴിയടയ്ക്കൽ.