കറുകച്ചാൽ: പ്രതിഷേധം സംഘടിപ്പിക്കുന്നവർക്കൊരു മാതൃകയാണ് ചന്പക്കര പള്ളിപ്പടി-നരിക്കുഴി റോഡിലെ യാത്രക്കാർ. റോഡ് നന്നാക്കണമെന്ന പരാതിയുമായി നാട്ടുകാർ പലവട്ടം അധികൃതരെ സമീപിച്ചു. അധികൃതരുടെ അനങ്ങാപ്പാറ നയത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ മുന്നിട്ടിറങ്ങി റോഡ് നന്നാക്കി. കുഴികളിൽ മണ്ണും കല്ലുമിട്ട് മൂടി യാത്രായോഗ്യമാക്കി.
കറുകച്ചാൽ പഞ്ചായത്ത് മൂന്നാം വാർഡിലെ ചന്പക്കര പള്ളിപ്പടി-നരിക്കുഴി റോഡാണ് നാട്ടുകാർ നന്നാക്കിയത്. പള്ളിപ്പടിക്ക് സമീപമുള്ള നൂറു മീറ്ററോളം ഭാഗം കാലപ്പഴക്കത്താൽ ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് കുഴികൾ നിറഞ്ഞ നിലയിലായിരുന്നു.
മഴക്കാലമായതോടെ റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതിനാൽ കാൽനട പോലും ദുഷ്ക്കരമായി. ഇതോടെ നാട്ടുകാർ പലവട്ടം അധികൃതർക്ക് പരാതി നൽകിയിരുന്നു. നടപടി ഉണ്ടാകാതെ വന്നതോടെയാണ് പ്രതിഷേധം ശ്രമദാനമായി മാറിയത്.
പ്രദേശവാസികൾ ചേർന്ന് മണ്ണും കല്ലുമിട്ട് റോഡിലെ കുഴികൾ അടച്ചു. സോഫിയാമ്മ കുഞ്ഞുമോൻ, അന്തോണിക്കുട്ടി കണ്ണംകുളം, അഖിൽ പാലൂർ, ബാബു രവീന്ദ്രവിലാസം, ജോസഫ് പാലുവേലീൽ തുടങ്ങിയവർ നേതൃത്വം നൽകി.