ചാത്തന്നൂർ: നിർമ്മാണം പൂർത്തിയാക്കാത്ത റോഡിൽ അറ്റകുറ്റപണിയ്ക്കെത്തിയവരെ നാട്ടുകാർ തടഞ്ഞു. ചാത്തന്നൂർ പഞ്ചായത്തിലെ വയലിക്കട വാർഡിൽ വരിഞ്ഞം ലക്ഷംവീട് കോളനിയിലെ റോഡു നിർമ്മാണമാണ് പാതി വഴിയിൽ നിലച്ചിരിക്കുന്നത്. അവധി ദിവസമായഞായറാഴ്ച രാവിലെയാണ് അന്യസംസ്ഥാന തൊഴിലാളികളുമായി കരാറുകാരൻ ചെയ്ത റോഡിന്റെ അറ്റകുറ്റപണിയ്ക്കെത്തിയത്.നാട്ടുകാർ തടഞ്ഞതോടെ അന്യസംസ്ഥാന തൊഴിലാളികൾ ജോലി നിർത്തി.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടര ലക്ഷത്തിലധികം രൂപചിലവിട്ടാണ് കോളനിയിൽ കോൺക്രീറ്റ് റോഡ് നിർമ്മിച്ചത്.കോളനിയിലെ കിണറിന് സമീപം ഇരുപത് മീറ്ററോളം റോഡ് നിർമ്മിക്കാനുണ്ട്. കഴിഞ്ഞ മാർച്ചിൽ നിർമ്മിച്ച റോഡ് തകർന്നതിനെ തുടർന്നാണ് അറ്റകുറ്റപണി നടത്താനെത്തിയത്.തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നിർമ്മിച്ചതിന്റെ എല്ലാ വിവരങ്ങളും പണി പൂർത്തിയാകാത്ത റോഡിന് മുന്നിൽ ഫലകത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
റോഡ് നിർമ്മാണം പൂർത്തിയാക്കിയിട്ട് അറ്റകുറ്റപണികൾ നടത്തിയാൽ മതിയെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാർ തടഞ്ഞത്. തൊഴിലാളികൾ വന്ന വാഹനങ്ങളും തടഞ്ഞിട്ടു.ഗ്രാമ പഞ്ചായത്തംഗം അംബികാ ശശിയും ചാത്തന്നൂർ എസ്.ഐ.എ.എസ്.സരിനന്റെ നേതൃത്വത്തിൽ പോലീസും എത്തി. ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി തീരുമാനമെടുക്കാൻ എസ്.ഐ. നിർദ്ദേശിച്ചു.തടഞ്ഞുവച്ച വാഹനങ്ങൾ വിട്ടയയ്ക്കാനും നിർദ്ദേശിച്ചു.