മൂവാറ്റുപുഴ: റോഡ് നിർമാണവുമായി ബന്ധപ്പെട്ട് മണ്ണെടുത്തതിനെ തുടർന്ന് വീട് അപകടാവസ്ഥയിൽ. എംസി റോഡിൽ മീങ്കുന്നം പള്ളിക്ക് സമീപമുള്ള എറിക്കാട്ട് പുത്തൻപുര ബാലകൃഷ്ണന്റെ വീടാണ് ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലായിരിക്കുന്നത്.നാല് മാസം മുമ്പാണ് റോഡിന് വീതി കൂട്ടാനായി കെഎസ്ടിപി അധികൃതർ വീടിനോട് ചേർന്ന് മണ്ണെടുത്തത്.
വീടിന് സംരക്ഷണഭിത്തിയും റോഡിലേക്ക് ഇറങ്ങാൻ വഴിയും നിർമിച്ച് തരാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇതുവരെ ആയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലന്ന് ബാലകൃഷ്ണൻ പറയുന്നു.ഒന്നര സെന്റ് സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്.വീടിന്റെ ഭിത്തിയോട് ചേർന്നാണ് മണ്ണെടുത്തിരിക്കുന്നത്. പത്ത് അടിയോളം താഴ്ചയുമുണ്ട്.
കാലൊന്ന് തെറ്റിയാൽ വാഹനങ്ങൾ ചീറി പായുന്ന റോഡിലേക്ക് വീഴുമെന്ന് ഭീതിയിലാണ് വീട്ടുകാർ. കെഎസ്ടിപി റോഡ് നിർമാണ കാലാവധി പൂർത്തിയാകാൻ ഇനി പത്ത് ദിവസം മാത്രമാണുള്ളത്. 30ന് കാലാവധി അവസാനിക്കും ഇ തോടെ നിർമാണവും അനിശ്ചിതത്തിലാകുമെന്ന ഭീതിയിലാണ് വീട്ടുകാർ. ജനപ്രതിനിധികളോടും കെ എസ്ടിപി അധികൃതരോടും പലവട്ടം വിവരം ധരിപ്പിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.