മൂലമറ്റം: റോഡിന്റെ കോണ്‍ക്രീറ്റ് ജോലികൾ പൂർത്തിയാകുന്നതിനു മുന്‍പ് ഇതിലെ കാർ ഓടിച്ച ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം വെട്ടിലായി. കോണ്‍ക്രീറ്റിനു മുകളിലൂടെ കാറുമായി പോയ ബ്ലോക്ക് മെംബറെ നാട്ടുകാർ തടഞ്ഞു വച്ചു.
ചോറ്റുപാറ മുതൽ ഉളുപ്പൂണി ജംഗ്ഷൻ വരെയുള്ള റോഡിന്റെ കോണ്‍ക്രീറ്റ് ജോലികളാണ് നടന്നുവരുന്നത്. നിർമാണം തുടങ്ങിയ സ്ഥലത്ത് വഴി ബ്ലോക്ക് ചെയ്തിരുന്നെങ്കിലും മെംബർ ആണെന്ന് പറഞ്ഞാണു വാഹനം കയറ്റിയത്.
വാഴൂർ സോമൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നു 50 ലക്ഷം രൂപ മുടക്കിയാണ് റോഡ് നിർമാണം നടത്തി വരുന്നത്.മെംബറെ തടഞ്ഞുവച്ച് നാട്ടുകാർ കൈയേറ്റം ചെയ്യുമെന്ന അവസ്ഥ എത്തിയപ്പോഴേയ്ക്കും വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.
റോഡ് നശിപ്പിച്ചതിന് മെംബർ നഷ്ടപരിഹാരം കൊടുക്കണമെന്നായി നാട്ടുകാർ. തുടർന്നു നടത്തിയ ചർച്ചയിൽ കേസ് എടുക്കുമെന്ന ഘട്ടം വന്നപ്പോൾ 40,000 രൂപ നഷ്ടപരിഹാരം കൊടുക്കാമെന്ന് മെംബർ സമ്മതിച്ചു. കൈവശം പണമില്ലാതിരുന്നതിനാൽ സ്വർണ മാല ഊരിക്കൊടുത്ത് മെംബർ തടിയൂരുകയായിരുന്നു.