നെല്ലിയാന്പതി: നെല്ലിയാന്പതിക്കാരുടെ യാത്രദുരിതത്തിന് പരിഹാരമായി നിർമ്മിക്കുന്ന കുണ്ടറച്ചോല പാലത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാകുന്നു. ഉരുൾപൊട്ടി തകർന്നുപോയ കുണ്ടറച്ചോല കലുങ്കിന് പകരം നിർമ്മിക്കുന്ന പാലത്തിന്റെ പ്രവർത്തിയാണ് പുരോഗമിക്കുന്നത്. 2018 ആഗസ്റ്റ് 16 നുണ്ടായ ഉരുൾപൊട്ടലിലാണ് കുണ്ടറച്ചോല കലുങ്ക് പൂർണ്ണമായും ഒലിച്ചുപോയി ഒരാഴ്ച്ച നെല്ലിയാന്പതി പൂർണ്ണമായും ഒറ്റപ്പെട്ടത്.
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഒന്നരക്കോടി രൂപ ചിലവിലാണ് പുതിയ പാലം നിർമ്മിക്കുന്നത്.
മാർച്ച് മാസത്തിൽ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച പാലത്തിന് രണ്ടു തൂണുകളിലായി പത്ത് മീറ്റർ നീളത്തിലും, വീതിയിലുമാണ് നിർമ്മിക്കുന്നത്. പാലത്തിന്റെ കോണ്ക്രീറ്റ് പ്രവർത്തികളാണ് ഇപ്പോൾ നടക്കുന്നത്.
ശക്തമായ വെള്ളപ്പാച്ചിലിനെയും പ്രതിരോധിക്കാൻ കഴിയുന്ന രീതിയിൽ 1.30 മീറ്റർ കനത്തിലാണ് പാലത്തിന്റെ കോണ്ക്രീറ്റ് ചെയ്യുന്നത്. കലുങ്ക് തകർന്നതോടെ നെല്ലിയാന്പതിയിലേക്ക് വലിയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മഴ ശക്തമാകുന്പോഴേക്കും പാലം പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.