ചേർത്തല: പണിയെടുക്കാതെ തൊഴിലാളികൾ നോക്കുകൂലി വാങ്ങരുതെന്ന മന്ത്രി ജി.സുധാകരന്റെ കർശന നിർദേശം പാലിക്കാൻ തങ്ങൾ തയാറല്ലെന്ന് വരുത്തിതീർക്കുകയാണ് ചേർത്തലയിലെ തൊഴിലാളികൾ. മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്ത റോഡ് തന്നെ ഒരു വിഭാഗം തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ടുകൊണ്ട് തടസപ്പെടുത്തിയത് പാർട്ടിക്കുതന്നെ നാണക്കേടാണെന്ന് നേതാക്കൾ പറയുന്നു. ചേർത്തലയിൽ നിർമാണ തൊഴിലാളികൾ നിർബന്ധപൂർവം നോക്കുകൂലി ആവശ്യപ്പെടുന്നതായി വിവിധയിടങ്ങളിൽ നിന്നും പരാതി വ്യാപകമായിട്ടുണ്ട്.
യൂണിയനുകളിലെ തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ടതിനെതുടർന്ന് ചേർത്തലയിലെ വിവിധ റോഡുകളുടെ പണികൾ തടസപ്പെട്ടിരിക്കുകയാണ്. നോക്കുകൂലി തർക്കത്തെ തുടർന്നു നഗരത്തിലെ വിവിധ റോഡുകളുടെയും പുനർനിർമാണം പാതിവഴിയിൽ നിർത്തി കരാറുകാരൻ യന്ത്രസാമഗ്രികളുമായി മടങ്ങി. ചേർത്തല നഗരത്തിലെ 11 പ്രധാന റോഡുകൾ ദേശീയപാത നിലവാരത്തിൽ പുനർനിർമിക്കുന്ന ജോലികളാണു മുടങ്ങിയത്.
മൂന്നുമാസം മുന്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്ത പ്രവൃത്തികളാണു കഴിഞ്ഞ ദിവസം ആരംഭിച്ചത്. അർത്തുങ്കൽ, മുട്ടം പള്ളി പെരുന്നാൾ സമയത്ത് നിർമാണത്തിനായി റോഡ് ഗതാഗതം തടയുന്നതു പ്രതിഷേധത്തിനു കാരണമായതോടെ തിരക്കു കുറവുള്ള കോടതികവല വടക്ക് പൂത്തോട്ട, ചെങ്ങണ്ട റോഡിന്റെ പണികളാണ് ആദ്യം തുടങ്ങിയത്. ചേർത്തല കോടതി കവലയ്ക്കു വടക്ക് പൊതുമരാമത്തു വകുപ്പിന്റെ ഓഫിസിനു സമീപം റോഡിലെ കലുങ്കു നിർമാണവുമായി ബന്ധപ്പെട്ടാണു ട്രേഡ് യൂണിയൻ നേതാക്കൾ തർക്കമുന്നയിച്ചതെന്നു കരാറുകാരൻ പറയുന്നു.
റെഡിമിക്സ് എത്തിച്ചു കലുങ്ക് കോണ്ക്രീറ്റ് ചെയ്യുന്ന ജോലികൾ നടക്കുന്പോൾ എത്തിയ യൂണിയൻ നേതാക്കൾ ആറുപേരുടെ കൂലി ആവശ്യപ്പെട്ടതായി കരാറുകാരൻ പറഞ്ഞു. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നു പറഞ്ഞതോടെ ഇവർ പണി തടസപ്പെടുത്തിയെന്നും പണി തുടരാൻ സാഹചര്യമില്ലാത്തതിനാലാണു നിർമാണത്തിനായി എത്തിച്ച യന്ത്രസാമഗ്രികളുമെല്ലാം തിരികെ കൊണ്ടുപോകേണ്ടിവന്നതെന്നും കരാറുകാരൻ പറഞ്ഞു.
റോഡ് കുഴിച്ച നിലയിൽ തന്നെ കിടക്കുകയാണ്. ഇതുമൂലം ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. യൂണിയൻ തർക്കത്തെ തുടർന്നു നിർമാണം തടസപ്പെട്ടിരിക്കുകയാണെന്നും ചർച്ച സംബന്ധിച്ചു തീരുമാനങ്ങളൊന്നുമില്ലെന്നും പൊതുമരാമത്ത് അധികൃതർ പറഞ്ഞു.