കോതമംഗലം: വനഭൂമിയും പെരിയാർവാലിയുടെ വൃഷ്ടിപ്രദേശവും കൈയേറി ബണ്ട് റോഡ് നിർമിച്ചതിനെതിരേ വനംവകുപ്പ് കേസെടുത്തു. തട്ടേക്കാട് 2003 മാഞ്ചിയം തോട്ടത്തിലൂടെയുള്ള മണ്‍പാത അവസാനിക്കുന്ന ഭാഗത്താണ് ബണ്ട് നിർമിച്ചിരിക്കുന്നത്. ഉദ്ദേശം 50 മീറ്റർ നീളത്തിൽ അഞ്ചു മീറ്റർ വീതിയിലാണ് പെരിയാറിന്റെ വൃഷ്ടിപ്രദേശം മണ്ണിട്ട് നികത്തി ബണ്ട് റോഡ് പണിതിരിക്കുന്നത്.
1954 തേക്കുതോട്ടത്തിലൂടെ വഴിയുണ്ടാക്കാനുള്ള നീക്കമാണ് വനംവകുപ്പ് തടഞ്ഞത്. ഈ ഭാഗത്തുള്ള ചില റിസോർട്ട്-തോട്ടം ഉടമകളാണ് ഇതിന് പിന്നിലെന്ന് നാട്ടുകാർ ആരോപിച്ചു. നിർമാണം പാതിവഴിയിൽ എത്തിയപ്പോഴാണ് വനംവകുപ്പ് അധികൃതർ സംഭവം അറിഞ്ഞതെന്ന് പറയുന്നു. പെരിയാർവാലി അധികാരികളാകട്ടെ കൈയേറ്റത്തിനെതിരേ മൗനം പാലിച്ചിരിക്കുകയാണ്.
പെരിയാർവാലി ഭൂമി പല സ്ഥലത്തും കൈയേറിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. നിർമിച്ച ബണ്ട് അടിയന്തരമായി നീക്കം ചെയ്യാൻ വനംവകുപ്പ് പെരിയാർവാലിക്ക് നോട്ടീസും നൽകി. നിലവിൽ മാഞ്ചിയം തോട്ടത്തിലൂടെ വനംവകുപ്പ് അനുവാദ പ്രകാരം ഗതാഗത സൗകര്യം ചെയ്ത് കൊടുത്തിട്ടുണ്ട്. ഇത് മറികടന്നാണ് എളുപ്പ വഴിക്കായി വനഭൂമിയിലും പെരിയാർ വാലി ഭൂമിയിലും കൈയേറ്റം നടത്തിയിരിക്കുന്നത്.