തുറവൂർ: തീരദേശ മേഖലയിൽ കാന നിർമിക്കാതെയുള്ള റോഡിന്റെ പുനർനിർമാണത്തിനെതിരെ പ്രതിഷേധം. അന്ധകാരനഴി ചെല്ലാനം റോഡിന്റെ പടിഞ്ഞാറു ഭാഗത്തായി പൂർണമായും കാണ നിർമിക്കുമെന്ന് റോഡ് ഉദ്ഘാടനം ചെയ്തപ്പോൾ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിൽ നിർമിച്ചിട്ടുള്ള കാനയുടെ ഉയരം കൂട്ടുന്നതല്ലാതെ കാനയില്ലാത്ത 60 ശതമാനം പ്രദേശത്തും കാനനിർമാണം ഇല്ലെന്ന് ഉദ്യോഗസ്ഥരും കരാറുകാരും പറയുന്നു. ചെറിയ മഴ പെയ്താൽ തന്നെ വൻ വെള്ളക്കെട്ടാണ് തീരദേശ മേഖലയിൽ ഉണ്ടാകുന്നത്.
കൂടാതെ വേലിയേറ്റ സമയങ്ങളിലും കടലാക്രമണ സമയങ്ങളിലും കരയിലേക്ക് ഇരച്ചുകയറുന്ന വെള്ളം ഒഴുകിപ്പോകാൻ സാധിക്കാത്ത അവസ്ഥയാണ്. 12 കോടി മുടക്കി തീരദേശ റോഡ് പുതുക്കിപ്പണിയുന്പോൾ റോഡിന്റെ ഉയരം കൂടുന്നതനുസരിച്ച് റോഡിനു പടിഞ്ഞാറു ഭാഗത്തെ വെള്ളക്കെട്ടിന്റെ അളവും കൂടും.
ഇത് ഇവിടുത്തെ ജനങ്ങളുടെ ജീവിതം ദു:സഹമാക്കും. തീരദേശ മേഖലയിൽ കാണയില്ലാത്ത സ്ഥലങ്ങളിൽ കാന നിർമിക്കുവാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.