കൊടുമൺ: ഏഴംകുളം-കൈപ്പട്ടൂർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ഡോ. ജോർജ് ജോസഫ് ഇടപെട്ടുവെന്ന ആരോപണവുമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ.കെ. ശ്രീധരൻ രംഗത്ത്.
സ്റ്റേഡിയത്തിന് എതിർവശത്ത് ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുന്പിൽ ഓട നിർമാണത്തിനായി നേരത്തെ എടുത്തിരുന്ന അലൈൻമെന്റിൽ മാറ്റംവരുത്തിയെന്നാണ് കെ.കെ. ശ്രീധരന്റെ ആരോപണം. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സംരക്ഷിക്കുന്നതിനുവേണ്ടി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അലൈൻമെന്റ് മാറ്റിയെന്ന് അദ്ദേഹം ആരോപിച്ചു.
റോഡ് നിർമാണത്തിൽ ഇതേവരെ എതിർപ്പുകളുണ്ടായിട്ടില്ലെന്നും ഈ ഭാഗത്തു മാത്രമാണ് തർക്കമെന്നും ശ്രീധരൻ പറഞ്ഞു. പോലീസിനെ വിളിച്ചുവരുത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചതും ജോർജ് ജോസഫാണെന്നും ശ്രീധരൻ കുറ്റപ്പെടുത്തി.
വിവാദ സ്ഥലത്ത് ഓടയ്ക്കു വളവുണ്ടെന്നും അലൈൻമെന്റിൽ ഇതുണ്ടെന്നും കിഫ്ബി ഉദ്യോഗസ്ഥർ പറഞ്ഞു. സമീപത്തെ ട്രാൻസ്ഫോർമർ ഒഴിവാക്കിയാണ് അലൈൻമെന്റ് തയാറാക്കിയതെന്നും ഇവർ ചൂണ്ടിക്കാട്ടി.
എന്നാൽ, റോഡ് നിർമാണത്തിൽ ഇടപെട്ടില്ലെന്നും താൻ കെട്ടിടം നിർമിക്കുന്നതിനു മുന്പേ അലൈൻമെന്റ് എടുത്തതാണെന്നും ജോർജ് ജോസഫ് പറഞ്ഞു. റോഡ് വീതി കൂട്ടുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.