വൈപ്പിൻ: നായരന്പലം പഞ്ചായത്തിലെ നെടുങ്ങാട് ദ്വീപിന്റെ തെക്കൻ മേഖലയിലേക്കുള്ള ഏകമാർഗമായ ഹെർബർട്ട് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പുനർ നിർമാണം സംബന്ധിച്ചുള്ള എംഎൽഎയുടെ വാഗ്ദാനലംഘനത്തിനെതിരേ ഉത്രാടനാളിൽ നടുറോഡിൽ ഓണസദ്യ വിളന്പി പ്രതിഷേധിച്ചു.
ഐഎൻടിയുസി നായരന്പലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ജനശ്രദ്ധ പിടിച്ചുപറ്റിയ ഈ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചത്. വലിയവാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്തതും ബലക്ഷയം സംഭവിച്ചതുമായ പാലവും തകർന്ന് തരിപ്പണമായ റോഡും പുനർനിർമിക്കാൻ എംഎൽഎ കോടികളുടെ പദ്ധതി വാഗ്ദാനം ചെയ്യുന്നതല്ലാതെ മറ്റ് നടപടികൾ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് സമരം സംഘടിപിച്ചിച്ച ഐഎൻടിയുസി നേതൃത്വം ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഐഎൻടിയുസി സമരം സംഘടിപ്പിച്ചത്.
പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോബി വർഗീസ് സമരം ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് സത്യൻ , ടിറ്റോ ആന്റണി, സെബാസ്റ്റ്യൻ മങ്കുഴി, വാർഡ് മെന്പർ ജെസി ഷിജു, കെ.കെ. ദിശി, കെ.കെ. സുമേഷ്, വി.ടി. ദിലീപ്, സുജി കെ. സുധാകരൻ, മനു കുഞ്ഞുമോൻ, സിംസണ്‍ നെടുങ്ങാട്, പി.എ. സ്റ്റീഫൻ, കെ.കെ. ശ്രീയേഷ്, അനിൽ വടക്കേടത്ത്, അമൽദേവ്, വിനീഷ് വർഗീസ്, കുഞ്ഞച്ചൻ മഞ്ഞനക്കാട്, ടോണി ജോസഫ്, സുബീഷ് ചിത്തിരൻ തുടങ്ങിയവർ നേതൃത്വം നൽസി.