ഒല്ലൂർ: കഴിഞ്ഞ രണ്ടു വർഷമായി നിർമാണം നടക്കുന്ന മണ്ണുത്തി- എടക്കുന്നി റോഡിന്റെ നിർമാണം നാട്ടുകാർ തടഞ്ഞു. എല്ലാ ഭാഗത്തും കാനനിർമാണവും വൈദ്യുതി തുണുകൾ മാറ്റി സ്ഥാപിക്കുന്ന പണികളും നടക്കുന്പോൾ പടവരാട് ആശാഭവൻ സ്കുളിനു സമീപം പുർണമായും പുറന്പോക്കിലും, ഇറിഗേഷന്റെ കാനാൽ ബണ്ടിലും നിൽക്കുന്ന ഇരുനിലവീടിനു വേണ്ടി നേരത്തെ അളന്ന് തിട്ടപ്പെടുത്തിയ ഭാഗത്തു നിന്ന് മാറ്റി റോഡിലെക്ക് ഇറക്കി കാനസ്ഥാപിക്കാൻ നടപടിതുടങ്ങിയതോടെയാണ് ജനങ്ങൾ പ്രതിഷേധവുമായി എത്തി നിർമാണം തടഞ്ഞത്.
പടവരാട് ഭാഗത്ത് വ്യാപകമായി പുറന്പോക്ക് കയ്യേറ്റം ഉള്ളതാണ്. താമസക്കാരെ ബുദ്ധിമുട്ടിക്കാതെ കയ്യേറ്റങ്ങൾ ഭാഗികമായി തിരിച്ചെടുത്തും, ചില വ്യക്തികളുടെ സ്ഥലം എടുത്തുമാണ് നിർമാണം പുരോഗമിക്കുന്നത്.
എന്നാൽ ഒരു വ്യക്തിമാത്രം സഹകരിക്കാതെ ചില രാഷ്ടിയക്കാരുടെ കുടി സഹായത്തോടെ ഇയാളുടെ സ്ഥലം ഒഴിവാക്കി നിർമാണം നടത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചതാണ് തർക്കത്തിനും പണി തടയുന്നതിലും എത്തിയത്.
ഇതോടെ കിഫ്ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയതിൽ നാട്ടുക്കാരുടെ പരാതി ബോധ്യമായിട്ടുണ്ട്.ഇതു സംബന്ധിച്ച് കളക്ടറെയും സ്ഥലം എംഎൽഎയും റവന്യൂ മന്ത്രിയുമായ കെ.രാജനേയും വിവരം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടു വർഷമായി നാട്ടുകാർ ഏറെ സഹകരിച്ചാണ് റോഡു നിർമാണം മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്നത്. എന്നാൽ ഒരു വ്യക്തിക്ക് മാത്രം രാഷ്ട്രീയബലത്തിൽ സൗജന്യം നൽകാനുള്ള നീക്കമാണ് നാട്ടുകാർ എതിർക്കുന്നത്.