പാക്കിസ്ഥാനിലെ ലാഹോറിൽ റോഡിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട ഭീമൻ ഗർത്തത്തിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾ വീണു യാത്രക്കാർക്ക് പരിക്ക്.
ലാഹോറിലെ ജോഹർ ടൗണിലെ ഒരു പ്രധാന റോഡിലാണ് അപകടമുണ്ടായത്. വാഹനത്തിരക്കിനിടെ റോഡിൽ പെട്ടെന്നു രൂപപ്പെട്ട ഗർത്തത്തിലേക്ക് ഒരു കാറും രണ്ടു ബൈക്കുകളും വീഴുകയായിരുന്നു. ഭൂഗർഭ മലിനജലലൈനിലെ ചോർച്ച പരിഹരിക്കുന്നതിനായി കുഴിച്ച ചെറിയ കുഴിയാണ് അപ്രതീക്ഷിതമായി ഭീമൻ ഗർത്തമായി പരിണമിച്ചതെന്നു പറയുന്നു.
ഗർത്തത്തിനുള്ളിൽ അകപ്പെട്ടുപോയ യാത്രക്കാരെ രക്ഷപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. കാർ ഗർത്തത്തിനുള്ളിൽ കുത്തനെ നിൽക്കുന്നതും രണ്ടു ബൈക്കുകൾ കുഴിയിൽ വീണു കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അപ്രതീക്ഷിതമായുണ്ടായ അപകടം ലാഹോർ നഗരത്തിൽ വലിയ ഗതാഗതക്കുരുക്കിനും ഇടയാക്കി.