പാനൂർ: റോഡ് നവീകരണത്തിന് എട്ടുലക്ഷം രൂപ അനുവദിച്ചിട്ടും കരാറുകാർ പ്രവൃത്തി ഏറ്റെടുക്കാൻ തയാറാകാതെ വന്നപ്പോൾ അറ്റകുറ്റപ്പണി ഏറ്റെടുത്ത് പ്രദേശവാസികളുടെ കൂട്ടായ്മ. കുന്നോത്തുപറമ്പ് പഞ്ചായത്തിലെ പുത്തൂർ ഓവുപാലത്തിന് സമീപത്തെ എകരത്ത് – കണ്ണങ്കോട് വെസ്റ്റ് എൽപി സ്കൂൾ റോഡിന്റെ അറ്റകുറ്റപ്പണിക്കാണ് പ്രദേശവാസികൾ മുന്നിട്ടിറങ്ങിയത്.
റോഡ് നവീകരണത്തിന് കെ.പി.മോഹനൻ കൃഷി മന്ത്രിയായിരിക്കെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്നും എട്ടുലക്ഷം രൂപ നീക്കിവച്ചിരുന്നു.പ്രവൃത്തി പൂർത്തിയാക്കിയാലും വർഷങ്ങൾ കഴിഞ്ഞേ പണം ലഭിക്കുകയുള്ളൂ എന്ന കാരണം പറഞ്ഞാണ് കരാറുകാർ ഏറ്റെടുക്കാൻ മടിക്കുകായിരുന്നു.
വാർഡ് മെമ്പർ കെ.പി.സമീറയുടെ നേതൃത്വത്തിൽ നിർമാണ കമ്മിറ്റികൾ രൂപീകരിച്ചെങ്കിലും കരാറുകാർ പ്രവൃത്തി ഏറ്റെടുക്കാൻ വിമുഖത കാണിക്കുകയായിരുന്നു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡ് തീരെ ഗതാഗതയോഗ്യമല്ലാതായപ്പോഴാണ് നാട്ടുകാർ മൂന്നു ലക്ഷം രൂപ സമാഹരിച്ച് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്.