ചിറ്റൂർ: വാട്ടർ അഥോറിറ്റി ചിറ്റൂർ കാര്യാലയത്തിൽ നിർമിക്കുന്ന വടവന്നൂർ വൻകിട കുടിവെള്ളപദ്ധതിക്കായി പൈപ്പിടാൻ ചാൽകീറിയത് നികത്താതെ രൂപംകൊണ്ട ഗർത്തം മേട്ടുപ്പാളയം-അത്തിമണി പ്രധാനപാതയിൽ വാഹന, കാൽനടയാത്രയ്ക്കു ഭീഷണിയായി.
വലിയ പൈപ്പിട്ടതിനുശേഷം ചാലിൽ വേണ്ടതോതിൽ മണ്ണിടാതിരുന്നതാണ് റോഡുവക്കിൽ ഗർത്തം രൂപപ്പെടുന്നതിനു കാരണമായത്. ഇക്കഴിഞ്ഞമാസം ഗർത്തത്തിൽ ലോറി ഇറങ്ങി അപകടവുമുണ്ടായി. ചിറ്റൂർ പുഴപ്പാലത്തുനിന്നും പൊക്കുന്നിയിൽ നിർമിക്കുന്ന ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്നതിനാണ് കൂമൻകാട്-അത്തിമണി വഴി പൈപ്പുലൈൻ നിർമാണം നടക്കുന്നത്.
മീനാക്ഷിപുരം-തത്തമംഗലം സംസ്ഥാനപാതയിൽ തുടർച്ചയായി വാഹനങ്ങൾ സഞ്ചരിക്കുന്നതും അപകടങ്ങൾ പതിവായി ഉണ്ടാകുന്നതുമായ റോഡരികിലാണ് ഗർത്തം രൂപംകൊണ്ടിരിക്കുന്നത്. എത്രയുംവേഗം റോഡരികിലെ പൈപ്പുലൈനിനായി നിർമിച്ച ചാൽ സുരക്ഷിതമായി മൂടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.