അരിന്പൂർ: റോഡ് ടാർ ചെയ്യാതെ കുഴികളിൽ ക്വാറി വേസ്റ്റും ചെറിയ മെറ്റലും നിരത്തിയിട്ട് കരാറുകാർ സ്ഥലം വിട്ടതോടെ റോഡ് തവിടുപൊടി. പൊടിയിൽ മുങ്ങി യാത്രക്കാരും റോഡിനിരുവശത്തുമുള്ള കടക്കാരും വീട്ടുകാരും ദുരിതത്തിൽ.
തൃശൂർ -കാഞ്ഞാണി റൂട്ടിലെ അരിന്പൂർ പഞ്ചായത്തിലെ മനക്കൊടി വളവ്, കുന്നത്തങ്ങാടി സെന്റർ, നാലാംകല്ല് സെന്റർ, അരിന്പൂർ സെന്റർ, അരിന്പൂർ കോണ്ഗ്രസ് ഓഫീസ് വളവ് എന്നിവടങ്ങളിലാണ് പൊടിയിൽ മുങ്ങി യാത്രക്കാരും വ്യാപാരികളും ദുരിതത്തിലായത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് പലതവണ പരാതി പറഞ്ഞിട്ടും അവഗണിക്കുകയാണെന്ന് വ്യാപാരികളും യാത്രക്കാരും പരാതിപ്പെട്ടു.
രണ്ട് വർഷത്തിലേറെയായി തകർന്ന് തരിപ്പണമായി കിടക്കുകയാണ്. ഇവിടങ്ങളിലെ റോഡിലെ മരണക്കുഴികൾ കാരണം 11 പേരാണ് കഴിഞ്ഞ നാളുകളിൽ ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചത്. ഏറ്റവുമൊടുവിൽ മനക്കൊടി വളവിൽ ഗട്ടറിൽ ചാടിയ ബസിടിച്ച് ബൈക്ക് യാത്രക്കാരാനായ മനക്കൊടിയിലെ വ്യാപാരി മരിച്ചിരുന്നു.
ഇതിനെ തുടർന്ന് ക്ഷുഭിതരായ വൻജനക്കൂട്ടം അന്ന് മുഴുവൻ ഗതാഗതം തടഞ്ഞു.എഡിഎമ്മും പൊതുമരാമത്ത് വകുപ്പ് ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയറും സംഭവസ്ഥലത്ത് നേരിട്ടെത്തി റോഡിലെ കുഴികൾ അടച്ച് ടാറിംഗ് നടത്തുമെന്ന ഉറപ്പിലാണ് ജനങ്ങൾ പിന്മാറിയത്.
റോഡ് പണിക്ക് സൗകര്യമൊരുക്കാൻ വേണ്ടി ബസുടമകൾ സർവീസ് നിറുത്തിവെച്ചും സഹകരിച്ചു.റോഡിലെ കുഴികളടക്കുന്നതിന്റെ ഭാഗമായി തകരാത്ത ഭാഗത്തെ ടാറിംഗും റോഡിനിരുവശവും ജെസിബി ഉപയോഗിച്ച് കരാറുകാർ മാന്തിപ്പൊളിച്ച് മെറ്റലും ക്വാറി വേസ്റ്റും കുഴച്ച് റോഡിൽ നിരത്തി പാക്ക് ചെയ്തു.
ഇത് ഉറച്ച ശേഷം ടാറിംഗ് നടത്താമെന്ന് പറഞ്ഞ് കരാറുകാരും ഉദ്യോഗസ്ഥരും സ്ഥലം വിട്ടു.ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഈ സ്ഥലങ്ങളിലെല്ലാം ആദ്യത്തേക്കാൾ വലിയ കുഴികളായി. മഴ പെയ്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് അപകടങ്ങളും പതിവായി.
മഴ അല്പം മാറിയപ്പോൾ വീണ്ടും ക്വാറി വേസ്റ്റിട്ടു.പിന്നെ പ്രളയത്തിൽ റോഡ് വീണ്ടും തകർന്ന് കുഴികളായി. വീണ്ടും ക്വാറി വേസ്റ്റിട്ടു.മഴ മാറിയതോടെ ഈ ഭാഗങ്ങളിലെല്ലാം വാഹനങ്ങൾ പോകുന്പോൾ ക്വാറി വേസ്റ്റ് പരിസരമാകെ അന്തരീക്ഷത്തിൽ വ്യാപിച്ച് എല്ലാവരേയും പൊടിയിൽ മുക്കുകയാണ്.
വഴി പോകുന്നവരുടെ വസ്ത്രങ്ങളിലും മുഖത്തും തലയിലുമെല്ലാം പൊടിയഭിഷേകമാണ്. സൈക്കിൾ, ടൂ വീലർ യാത്രക്കാരുടെ കണ്ണുകളിൽ കരിങ്കൽ പൊടികൾ വീണ് നിയന്ത്രണം വിട്ട് വീഴുന്നതും പതിവായി.റോഡിനിരുവശത്തുമുള്ള കടകളിലേക്കെല്ലാം പൊടി അടിച്ച് കയറുകയാണ്.