വടക്കഞ്ചേരി: നമ്മുടെ പൊതുമരാമത്ത് വകുപ്പിന്റെ ഓരോരോ കാര്യങ്ങള്‍.റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ രാവിലെ രണ്ട് മൂന്ന് ലോഡ് കോണ്‍ക്രീറ്റ് മിശ്രിതം നിരത്തി ഉച്ചക്ക് ശേഷം അതെല്ലാം ജെ സി ബി കൊണ്ട് വന്ന് വാരിക്കൂട്ടി.
മംഗലം ഗോവിന്ദാപുരം സംസ്ഥാന പാതയിൽ മംഗലം വില്ലേജ് ഓഫീസിനടുത്താണ് സംഭവം.
ഇവിടെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ള സ്ഥലമാണ്.മഴ പെയ്താൽ റോഡിൽ വെള്ളം പൊങ്ങും.വെള്ളം ഒഴുകി പോകേണ്ട സ്ഥലത്ത് കെട്ടിടം ഉയർന്നപ്പോൾ വെള്ളത്തിന് പോകാൻ വഴിയില്ലാതായി.
കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയവർ മഴക്കാലത്ത് വെള്ളം ഒഴുകാൻ ചാല് നില നിർത്തണമെന്ന കാര്യം ആലോചിച്ചതുമില്ല.മഴയിൽ വെള്ളം പൊങ്ങുന്പോൾ ഇവിടുത്തെ വ്യാപാരികൾ തന്നെ താല്‍ക്കാലികമായി ചാല് ഉണ്ടാക്കും. പിന്നേയും ചാല് മൂടി പോകും. ഇതാണ് സ്ഥിതി.
എന്നാൽ നിനച്ചിരിക്കാതെ ഇന്നലെ രാവിലെ വെളളം കെട്ടി നിൽക്കുന്ന ഏകദ്ദേശം 40 മീറ്റർ ദൂരം ജെ സി ബി കൊണ്ട് വന്ന് താഴ്ത്തി പിന്നാലെ ആറടി വീതിയിൽ നല്ല രീതിയിൽ കോണ്‍ക്രീറ്റ് ചെയ്ത് റോഡ് സൈഡ് ഉയർത്തി.
സമീപത്തെ കച്ചവടക്കാർക്കെല്ലാം പ്രവൃത്തി കണ്ട് വലിയ സന്തോഷമായി.നേരത്തെ നൽകിയ നിവേദനങ്ങൾക്കെല്ലാം വൈകിയാണെങ്കിലും ഫലമുണ്ടായെന്ന് വ്യാപാരികളും ഒത്തുകൂടി സന്തോഷം പങ്കുവെച്ചു.
എന്നാൽ മണിക്കൂറുകൾ കഴിഞ്ഞില്ല. പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിലെ തന്നെ മറ്റൊരു ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി നിരത്തിയ കോണ്‍ക്രീറ്റെല്ലാം കോരിയെടുക്കണമെന്ന് കരാറുക്കാരനോട് ആവശ്യപ്പെട്ടു.
റോഡിൽ ഇത്തരത്തിലുള്ള പ്രവൃത്തിക്കുള്ള ഫണ്ടില്ലെന്നായിരുന്നു വിശദീകരണം. വ്യാപാരികളെല്ലാം സംഘടിച്ച് ഏതായാലും കോണ്‍ക്രീറ്റിംഗ് കഴിഞ്ഞില്ലേ അത് അവിടെ കിടക്കട്ടെ, വെള്ളക്കെട്ട് ഒഴിവാകും എന്ന് പറഞ്ഞു നോക്കിയെങ്കിലും അതൊന്നും നടന്നില്ല.
ഒടുവിൽ രംഗം ശാന്തമായപ്പോൾ ഉദ്യോഗസ്ഥരോട് കാര്യം തിരക്കിയപ്പോഴാാണ് പറയുന്നത്. കുഴി അടക്കേണ്ട സ്ഥലം മാറി പോയതാണെന്ന്.മംഗലത്തെ വേറെ ഏതോ റോഡിലെ കുഴി അടക്കാനാണത്രെ പറഞ്ഞിരുന്നത്.
എന്നാൽ നമ്മുടെ ഉദ്യോഗസ്ഥർക്കെല്ലാം ജോലി തിരക്കായതിനാൽ പണി നടത്തേണ്ട സ്ഥലം നേരിട്ട് കാണിച്ചു കൊടുക്കാനും കഴിഞ്ഞിരുന്നില്ല.
കരാറുക്കാരൻ കരുതി മംഗലത്ത് ഇത്രയും വെള്ളക്കെട്ട് അതും പ്രധാന പാതയിലുള്ളപ്പോൾ കോണ്‍ക്രീറ്റിംഗ് അവിടെയാകട്ടെ എന്നും കരുതി കാണും.
എന്തായാലും സർക്കാർ ഫണ്ട് ചെലവഴിക്കുന്പോൾ ഉദ്യോഗസ്ഥർ കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കണമായിരുന്നെന്നാണ് സംഭവം അറിഞ്ഞു് സ്ഥലത്തെത്തിയവരുടെ പക്ഷം.
കുഴിയടക്കാനും പൊന്തകാട് വൃത്തിയാക്കാനുമായി രണ്ടര ലക്ഷം രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളതത്രെ.