ചാലക്കുടി: വിവാദമായ തച്ചുടപറന്പ് – ഇരട്ടക്കുളം റോഡ് നിർമാണം പൊളിച്ചുകളയാൻ നഗരസഭ വൻ പോലീസ് സന്നാഹത്തോടെ തച്ചുടപറന്പിലെത്തിയെങ്കിലും നാട്ടുകാർ എതിർത്തതോടെ നീക്കം പരാജയപ്പെട്ടു.
ഇന്നുരാവിലെ ഒന്‍പതോടെയാണു സംഭവം. നിർമാണത്തിലിരിക്കെ വിവാദത്തിലായ തച്ചുടപറന്പ് – ഇരട്ടക്കുളം റോഡാണു നഗരസഭ ഭരണാധികാരികൾ പോലീസുമായി ചേർന്നു പൊളിക്കാനെത്തിയത്.
നഗരസഭ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പന്റെയും, ഷിബു വാലപ്പന്റെയും നേതൃത്വത്തിൽ പ്രതിപക്ഷ കൗൺസിലർമാരും കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ഒന്നടക്കം റോഡിൽ പൊളിക്കുന്നതിനെതിരെ പ്രതിരോധം തീർത്തു.
ഇതിനെ തുടർന്നു റോഡ് പൊളിക്കാനുള്ള നീക്കം പരാജയപ്പെടുത്തുകയായിരുന്നു. ഏറെ നേരം പോലീസും നാട്ടുകാരും മുഖാമുഖം നിന്നെങ്കിലും നഗരസഭ സെക്രട്ടറി ഇടപ്പെടുകയും പിന്നീട് ഹൈക്കോടതി തീരുമാനമനുസരിച്ചു മാത്രമേ റോഡു പൊളിക്കുകയുള്ളുവെന്നു പോലീസ് നാട്ടുകാർക്ക് ഉറപ്പു നൽകി.
ഇതോടെ നാട്ടുകാർ പിരിഞ്ഞുപോകുകയായിരുന്നു. നാട്ടുകാർ പിരിഞ്ഞുപോകുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മിഥുനെ ഡിവൈഎഫ്ഐ പ്രവർത്തകന്റെ മർദനമേറ്റു. ഇതു സംഘർഷത്തിനിടയാക്കി. പോലീസ് ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്.
ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷ്, ചാലക്കുടി സിഐ കെ.എസ്. സന്ദീപിന്റെയും നേതൃത്വത്തിൽ ആറു സ്റ്റേഷനുകളിലെ സിഐമാരും എസ്ഐമാരും പോലീസുമാണ് റോഡ് പൊളിക്കുന്നതിനായി തച്ചുടപറന്പിലെത്തിയത്.
റോഡ് പൊളിക്കുന്നതിനെതിരെ വാർഡു കൗൺസിലർ ഷിബു വാലപ്പൻ ഹൈക്കോടതയിൽ ഫയൽ ചെയ്ത ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. റോഡു പൊളിക്കാനെത്തുന്നതെറിഞ്ഞ് ഈ പ്രദേശത്തു വൻ സംഘർഷാവസ്ഥയിലായിരുന്നു.