മാന്നാർ: അവധിദിനത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെയും മെമ്പറുടെയും നേതൃത്വത്തിൽ വീട്ടിലേക്കുള്ള നടപ്പാത പൊളിച്ചു നീക്കിയതായി പരാതി.
ഇതോടെ വീട്ടിൽ നിന്നു വാഹനമിറക്കാൻ കഴിയാതെ വീട്ടുകാർ ബുദ്ധിമുട്ടുകയാണ്. മാന്നാർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ ജഗദീഷ് ഭവനത്തിൽ ഗോപാലകൃഷ്ണൻ നായരുടെ വസതിയിലേക്ക് കയറുന്ന വഴിയിൽ സ്ഥാപിച്ചിരുന്ന നടപ്പാതയാണ് പൊളിച്ചുനീക്കിയത്.
വെള്ളമൊഴുകാൻ തടസമാണെന്ന് കാരണത്താലാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ വാർഡ് മെമ്പറും പരിസരവാസികളും ചേർന്ന് ജെസിബി ഉപയോഗിച്ച് പൊളിച്ചു നടപ്പാത നീക്കിയത്.
ഇവർക്കെതിരേ കളക്ടർക്കും ആർഡിഒ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കും ഗോപാലകൃഷ്ണൻ നായർ പരാതി നൽകി.
കാൻസർ രോഗിയായ ഭാര്യയ്ക്ക് ആശുപത്രിയിൽ പോകാൻ വാഹനം ഇറക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതുമായി ബന്ധപ്പെട്ട യാതൊരു നോട്ടീസും പഞ്ചായത്ത് അധികാരികൾ മുൻകൂട്ടി നൽകിയിട്ടുമില്ല.
തന്റെ വസ്തുവിൽ കൂടി ഓട വെട്ടാൻ സ്ഥലം നൽകണമെന്ന് മെമ്പറുടെ ആവശ്യം നിരസിക്കുകയും അതിന് സ്റ്റേ വാങ്ങുകയും ചെയ്തതിന്റെ വൈരാഗ്യമാണ് മനുഷ്യത്വരഹിതമായ ഈ നടപടിക്കു പിന്നിലെന്നാണ് ഇയാളുടെ ആരോപണം.