തിരുവല്ല: ജലഅഥോറിറ്റിയുടെ അനാസ്ഥയ്ക്കിടെ റോഡ് നിര്‍മാണം തടസപ്പെട്ടത് ജനത്തെ ദുരിതത്തിലാക്കി.പെരിങ്ങര പഞ്ചായത്തിലെ സ്വാമിപാലം – കൂട്ടുമ്മേല്‍ റോഡിന്റെ ടാറിംഗ് ജോലികളാണ് കഴിഞ്ഞ 10 ദിവസമായി മുടങ്ങി കിടക്കുന്നത്. ജല അഥോറിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനത്തിന് റോഡിന്റെ ഒരു ഭാഗം കുഴിച്ചിട്ടിരിക്കുന്നത് കാരണം ടാറിംഗ് പണികള്‍ മുടങ്ങി.
ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് സഞ്ചാരയോഗ്യമല്ലാതായിരുന്ന റോഡിന്റെ താഴ്ന്ന ഭാഗങ്ങള്‍ ഉയര്‍ത്തി ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ മെംബർ സാം ഈപ്പന്റെ നിർദേശപ്രകാരം അനുവദിച്ചിരുന്നു. ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കരാറുകാരന് പണികളും ആരംഭിച്ചു.
ഇതിനിടെ പെരിങ്ങര ഗ്രാമപഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചില ക്രമീകരണങ്ങളുടെ ഭാഗമായി ജല അഥോറിറ്റി കാരയ്ക്കല്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തിന് മുന്നിലായി റോഡ് കുഴിച്ചുവെങ്കിലും അവരുടെ പണികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ കുഴി അതേ അവസ്ഥയില്‍ തന്നെ കിടക്കുകയാണ്.
ഇതിനോടകം റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് കരാറുകാരന് റോഡില്‍ മെറ്റല്‍ നിരത്തുകയും ചെയ്തു. ഇപ്പോള്‍ മെറ്റല്‍ നിറഞ്ഞു കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. കാല്‍നട യാത്രയും ദുസഹമായതോടെ ജനവും രോഷാകുലരാണ്. എന്നാല്‍ പണി പൂര്‍ത്തീകരിക്കുന്നതില്‍ ജല അഥോറിറ്റിയുടെ ഭാഗത്തു നിന്നും അലംഭാവമാണുള്ളതെന്ന് ആക്ഷേപമുയരുന്നുണ്ട്.