സ്വന്തം ലേഖകൻ
തൃശൂർ: അമൃതം പദ്ധതിക്കു പൈപ്പു സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡുകൾ ജനുവരി 31 നകം ടാറിട്ടു ഗതാഗത യോഗ്യമാക്കുമെന്നു ഹൈക്കോടതിയിൽ നൽകിയ ഉറപ്പു പാലിക്കാതെ തൃശൂർ കോർപറേഷൻ.
റോഡുകളുടെ പണി ജനുവരി 31 നകം തീർത്തില്ലെങ്കിൽ അറിയിക്കണമെന്നാണ് ഹൈക്കോടതി ജഡ്ജി അമിത് റവാൽ രണ്ടാഴ്ച മുന്പു പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. കോർപറേഷൻ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലമനുസരിച്ച് ഏതാനും റോഡുകൾ ടാറിട്ടെങ്കിലും കൂടുതൽ റോഡുകളിലേക്കു വെട്ടിപ്പൊളി വ്യാപിപ്പിച്ചിരിക്കുകയാണ്.
അക്വാട്ടിക് കോംപ്ലക്സിനു മുന്നിലാണ് ഇപ്പോൾ റോഡു പൊളിക്കൽ തുടരുന്നത്. വെട്ടിപ്പൊളിച്ച റോഡുകളിൽ പൈപ്പു സ്ഥാപിച്ചിട്ടും ടാറിട്ടിട്ടില്ല. പൊളിച്ചുമൂടിയ റോഡിലൂടെ വാഹനങ്ങൾക്കു മാത്രമല്ല, കാൽനടക്കാർക്കുപോലും നടക്കാനാവാത്ത അവസ്ഥയാണ്.
പോസ്റ്റോഫീസ് റോഡിൽ പൊളിച്ചു മൂടിയ റോഡിലെ ഇളകിയ മണ്ണിൽ ടാങ്കർ ലോറി താഴ്ന്ന സംഭവവും ഉണ്ടായി. മണ്ണും പൊടിയും പറന്നു റോഡിന് ഇരുവശത്തുമുള്ള വ്യാപാരശാലകൾ പൊടിക്കൂനകളായി മാറി. കടകളിലെ ചരക്കുകളിലെല്ലാം പൊടിനിറഞ്ഞ് ഇടപാടുകാർ നിരസിക്കുന്ന അവസ്ഥയിലാണ്.
ഒരു വർഷംമുന്പേ തുടങ്ങിയതാണ് റോഡ് വെട്ടിപ്പൊളിക്കൽ. ഉടനേ ടാറിടണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്താണ് ഹൈക്കോടതിയെ സമീപിച്ചത്.
ജനുവരി 31 നകം ടാറിടൽ പൂർത്തിയാക്കുമെന്നു കോർപറേഷൻ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം പരിഗണിച്ചാണ് ഹൈക്കോടതി ആ തീയതിയോടെ പണി പൂർത്തിയാക്കാൻ ഉത്തരവിട്ടത്.
സത്യാവാങ്മൂലത്തിൽ 42 റോഡുകളിൽ പൈപ്പ് ലൈനിന്റെ പണി കഴിഞ്ഞെന്നും അതിൽ 37 റോഡുകൾ പണിയുന്നതിനുള്ള സാങ്കേതിക അനുമതി ലഭിച്ചെന്നുമാണു കോർപറേഷൻ പറഞ്ഞിരുന്നത്.
അതിൽ 31 റോഡുകൾ പണിയാൻ വർക്ക് അവാർഡ് ചെയ്ത് കൊടുത്തെന്നും ഏഴു റോഡുകളുടെ പണി നടത്തിക്കഴിഞ്ഞുവെന്നും ഡിസംബർ 18 നു നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.