പുതുക്കാട്: ആന്പല്ലൂർ-വരന്തരപ്പിള്ളി റോഡിരികിലെ ഇലക്ട്രിക് പോസ്റ്റുകൾ അപകടഭീഷണി ഉയർത്തുന്നു. റോഡിൽ പലയിടത്തും റോഡിലേയ്ക്കു തള്ളി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകളാണ് അപകടം ഭീഷണി ഉയർത്തുന്നത്. ഭൂരിഭാഗം സ്ഥലങ്ങളിലും റോഡിനോട് ചേർന്നു തന്നെയാണ് പോസ്റ്റുകൾ നിലകൊള്ളുന്നത്. പത്തു മീറ്ററിനു താഴെ മാത്രം വീതിയുള്ള റോഡിൽ പലയിടത്തും ഇലക്ട്രിക് പോസ്റ്റുകൾ നില്ക്കുന്നതും വാഹനങ്ങൾക്ക് കടന്നു പോകാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
മെക്കാഡം ടാറിംഗ് പൂർത്തീകരിച്ച റോഡിലെ ആന്പല്ലൂർ മുതൽ പള്ളിക്കുന്ന് വരെയുള്ള ഭാഗങ്ങളിലാണ് കൂടുതൽ പോസ്റ്റുകൾ അപകട ഭീഷണി ഉയർത്തി റോഡിലും റോഡിനോട് ചേർന്നു നിൽക്കുന്നത്. മെക്കാഡം ടാറിംഗ് പൂർത്തീകരിച്ചതിനുശേഷം അമിതവേഗതയിലാണ് ഇതിലൂടെ വാഹനങ്ങൾ പോകുന്നത്.
നൂറിലേറെ സ്വകാര്യ ബസുകളും ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. ഒരു വലിയ വാഹനത്തിനും ചെറിയ വാഹനത്തിനും ഒരേസമയം കടന്നുപോകാവുന്ന വീതിയേ ഈ റോഡിലുള്ളൂ. പോസ്റ്റുകൾ നീക്കി സ്ഥാപിക്കാനുള്ള സ്ഥല പരിമിതിയും റോഡുകൾക്കുണ്ട്. വളവുകളിൽ റോഡിനോട് ചേർന്ന് നിൽക്കുന്ന പോസ്റ്റുകൾ അപകട ഭീഷണി ഉയർത്തുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
വളവുകളും കയറ്റവുമുള്ള അപകട സാധ്യതയേറെയുള്ള ഭാഗങ്ങളിലും അശ്രദ്ധമായാണ് വാഹനങ്ങൾ ചീറി പായുന്നത്. ഇത് അപകട സാധ്യത വർധിപ്പിക്കുകയാണ്. നാലു ദിവസത്തിനുള്ളിൽ ഈ റോഡിൽ നടന്ന അഞ്ച് അപകടങ്ങളിൽ ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വേഗത നിയന്ത്രണ ബോർഡുകൾ സ്ഥാപിക്കാത്തതും ദിശാബോർഡുകൾ ഇല്ലാത്തതും അപകടങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്. റോഡിന് മതിയായ വീതി കൂട്ടി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.