കൊച്ചി: ആലുവ – ആലങ്ങാട് റോഡ് വീതി കൂട്ടി നിർമ്മിക്കുന്ന പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത് അറിയിച്ച് വ്യവസായ മന്ത്രി പി. രാജീവ്. ദീർഘകാലം കടലാസിൽ മാത്രമുണ്ടായിരുന്ന പദ്ധതിയാണ് സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലോടെ നിർമ്മാണഘട്ടത്തിലേക്ക് കടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരമുള്ള സാമൂഹ്യാഘാത പഠനം നേരത്തെ പൂർത്തിയാക്കുകയും വിദഗ്ധ സമിതി പരിശോധനാ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
സർക്കാർ തയ്യാറാക്കിയ പദ്ധതിയും അലൈൻമെന്റും അംഗീകരിക്കുന്നതായി പൊതു തെളിവെടുപ്പിൽ പങ്കെടുത്തവർ അഭിപ്രായമറിയിച്ചിരുന്നു. റോഡ് വികസനമെന്ന ദീർഘകാല ആവശ്യം യാഥാർത്ഥ്യക്കുന്നതിന് വേണ്ടി അവശേഷിക്കുന്ന നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ആലുവ – ആലങ്ങാട് റോഡ് വീതി കൂട്ടി നിർമ്മിക്കുന്ന പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ദീർഘകാലം കടലാസിൽ മാത്രമുണ്ടായിരുന്ന പദ്ധതിയാണ് സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലോടെ നിർമ്മാണഘട്ടത്തിലേക്ക് കടക്കുന്നത്.
കടുങ്ങല്ലൂർ വില്ലേജുകളിലെ വിവിധ സർവ്വേ നമ്പറുകളിലായുള്ള 0.81 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതോടെ 12 മീറ്റർ വീതിയിൽ റോഡ് നിർമ്മാണം സാധ്യമാകും. റോഡ് വികസനത്തിനായി ഭൂമി വിട്ടു നൽകുന്നവർക്ക് ചട്ടം അനുശാസിക്കുന്നതു പ്രകാരമുള്ള നഷ്ടപരിഹാരം അതിവേഗം ലഭ്യമാക്കുന്നതിനും സർക്കാർ ഇടപെടും.
ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരമുള്ള സാമൂഹ്യാഘാത പഠനം നേരത്തെ പൂർത്തിയാക്കുകയും വിദഗ്ധ സമിതി പരിശോധനാ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
സർക്കാർ തയ്യാറാക്കിയ പദ്ധതിയും അലൈൻമെന്റും അംഗീകരിക്കുന്നതായി പൊതു തെളിവെടുപ്പിൽ പങ്കെടുത്തവർ അഭിപ്രായമറിയിച്ചിരുന്നു. റോഡ് വികസനമെന്ന ദീർഘകാല ആവശ്യം യാഥാർത്ഥ്യക്കുന്നതിന് ഇനി അവശേഷിക്കുന്ന നടപടികളും അതിവേഗം പൂർത്തിയാക്കും.
ഏഴ് മീറ്റർ വീതിയിലുള്ള ടാർ റോഡിനൊപ്പം സർവ്വീസ് റോഡ്, ഡ്രെയിൻ കം ഫുട്പാത്ത്, കേബിൾ ഡക്ട് എന്നിവ ഉൾപ്പെടെയാണ് 12 മീറ്റർ വീതിയിലുള്ള റോഡ് വിഭാവനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം 2021 ഒക്ടോബർ 13 ന് തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് റോഡ് വീതി കൂട്ടി നിർമ്മിക്കാൻ ധാരണയായത്.
ഇതേത്തുടർന്ന് ആലുവയിൽ ചേർന്ന, റോഡ് കടന്നുപോകുന്ന തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗത്തിൽ യോഗത്തിൽ തുടർ നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരം പുതിയ അലൈൻമെന്റിന് നേരത്തെ ലഭിച്ചിരുന്നു.
രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന തോട്ടക്കാട്ടുകര – കിഴക്കേ കടുങ്ങല്ലൂർ ഭാഗത്ത് മതിയായ വീതി റോഡിന് ലഭിക്കുന്നതോടെ കൂടുതൽ സുരക്ഷിതമായ യാത്രാസൗകര്യമാണ് ലഭിക്കാൻ പോകുന്നത്.